ഉയരത്തിൽ നിന്ന് വീഴുന്ന സ്വപ്നം നിങ്ങളെ അലട്ടാറുണ്ടോ… ! എങ്കിൽ നിങ്ങൾ ഉറങ്ങുന്നതിന് മുമ്പ് ചില ശീലം മാറ്റേണ്ടതുണ്ട് , എന്തെല്ലാമെന്ന് നോക്കാം…

നിങ്ങൾ കാണുന്ന സ്വപനങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്താറുണ്ടോ! പേടിപ്പെടുത്തുന്ന നിങ്ങൾക്ക് എന്തോ സംഭവിക്കുന്നു എന്ന് തോന്നുന്ന സ്വപ്നം കാണുന്നവരാണോ നിങ്ങൾ. ഉദാഹരണത്തിന് ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നത് പോലുള്ള സ്വപ്നങ്ങൾ. എപ്പോഴെങ്കിലും ഇത്തരം സ്വപ്നം കാണുമ്പോൾ ആലോചിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് അങ്ങനെ നമ്മൾ ഒന്ന് ചിന്തിക്കാത്ത കാര്യങ്ങൾ സ്വപ്നം കാണുന്നത് !?

ഇത്തരം ഉയരത്തിൽ നിന്ന് വീഴുന്ന സ്വപ്നവുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. വൈകാരികമായ സമ്മര്‍ദം, മോശം മാനസികാരോഗ്യം, മരുന്നുകളുടെ ഉപയോഗം, ഉറക്കരീതികള്‍ എന്നിവ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിന് പിന്നിലുള്ള കാരണമാണെന്ന് വിദഗ്ധര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, നമ്മള്‍ ഉറക്കത്തിലേക്ക് വീഴുന്ന സമയത്താണ് പലപ്പോഴും ഉയരത്തില്‍ നിന്ന് വീഴുന്നതായി നമുക്ക് തോന്നുന്നത്. ചിലപ്പോള്‍ നമ്മള്‍ പെട്ടെന്ന് ഞെട്ടിയുണരാറുണ്ട്. അരക്ഷിതാവസ്ഥ, ഉത്കണ്ഠ, അല്ലെങ്കില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയും ഇത്തരത്തില്‍ സ്വപ്‌നം കാണുന്നതിന് കാരണമായേക്കാമെന്ന് ഹെല്‍ത്ത്‌ലൈനിന്റെ ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു.

നിരന്തരം പിന്തുടരുന്ന സ്വപ്‌നങ്ങള്‍ എല്ലാത്തരം സംസ്‌കാരങ്ങളിലും കാലഘട്ടത്തിലും സാധാരണമാണെന്ന് പേടി സ്വപ്‌നങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഡോ. ലെസ്ലി എല്ലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഏതൊക്കെയാണ് വെളിപ്പെടുത്താനാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

പൊതുവെ പ്രായപൂർത്തിയായവരിൽ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി ബന്ധമുണ്ടെന്നാണ് വിദ​ഗ്ദർ അവകാശപ്പെടുന്നത്. അമേരിക്കന്‍ മാട്രസ് നിര്‍മാണ കമ്പനിയായ അമരിസ്ലീപിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 2000 പേരെയാണ് പഠനവിധേയമാക്കിയത്. അവരില്‍ 64 ശതമാനം പേരും വലിയ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടു. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പേടിസ്വപ്‌നം കൂടിയാണിത്.

പേടി സ്വപ്‌നം കണ്ടവരില്‍ 63 ശതമാനം പേരും തങ്ങളെ അത് വീണ്ടും വേട്ടയാടുന്നതായി വെളിപ്പെടുത്തി. മരിക്കുക, നഷ്ടപ്പെടുക, അല്ലെങ്കില്‍ പരിക്കുപറ്റുക തുടങ്ങിയ പേടി സ്വപ്‌നങ്ങള്‍ കണ്ടെന്നു പറഞ്ഞവരും ഏറെയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

സര്‍വെയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ പല്ലുകൊഴിയുന്നതായുള്ള പേടി സ്വപ്‌നം കണ്ടിട്ടുണ്ട്. സ്വന്തം പ്രതിച്ഛായയെക്കുറിച്ചുള്ള സമ്മര്‍ദവും ഭയവുമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. പല്ലുകള്‍ ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്ന് വിവാഹം, കുടുംബ വിഷയങ്ങളില്‍ വിദഗ്ധയായ മേഗന്‍ ഹാരിസണ്‍ പറഞ്ഞു. അതിനാല്‍, പല്ലു കൊഴിയുന്നത് പോലെയുള്ള സ്വപ്‌നങ്ങള്‍ കാണുന്നത് ദൈനംദിന ജീവിതത്തില്‍ ദുര്‍ബലതയോ അപര്യാപ്തതയോ സൂചിപ്പിക്കുന്നു.

ഇത്തരം പേടി സ്വപ്‌നങ്ങളെ അകറ്റി നിര്‍ത്തുന്നതിനായി ഒട്ടേറെ വഴികള്‍ പങ്കുവയ്ക്കുകയാണ് വിദഗ്ധര്‍. ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയവയുടെ ഉപയോഗങ്ങള്‍ പരിമിതപ്പെടുത്താന്‍ സ്ലീപ് എക്‌സ്‌പേര്‍ട്ടായ ഡെബോറ ലീ നിര്‍ദേശിച്ചു.

കാരണം അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തും. ഫോണുകളും സമാനമായ ഉപകരണങ്ങളും ‘ഡൂം-സ്‌ക്രോളിംഗ്’(ഡൂംസ്‌ക്രോളിംഗ് എന്നത് സോഷ്യൽ മീഡിയയിൽ വലിയ അളവിലുള്ള വാർത്തകൾ, പ്രത്യേകിച്ച് നെഗറ്റീവ് വാർത്തകൾ വായിക്കാൻ അമിതമായ സമയം ചെലവഴിക്കുന്ന പ്രക്രിയ.) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

അത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും പേടി സ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. കൂടാതെ, പേടി സ്വപ്‌നം കണ്ടശേഷം സാധാരണയുള്ള ഉറക്കത്തിന് ഇത് തടസ്സം സൃഷ്ടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉറങ്ങുന്നതിന് മുമ്പ് ശ്വസന വ്യായാമങ്ങള്‍ ചെയ്യാം. ചെറിയ ശബ്ദത്തില്‍ പാട്ടുകേള്‍ക്കുകയോ വായിക്കുകയോ ചെയ്യാവുന്നത് വളരെ നല്ലതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments