കൂര പൊളിച്ച് മഞ്ഞകുറ്റി നാട്ടാൻ ഏമാന്മാർ ഉടനെത്തും; സിൽവർലൈൻ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു

ഏറെ നാളുകൾക്ക് ശേഷം സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചയാകുകയാണ്. ആരൊക്കെയെതിർത്താലും കെ റെയിൽ വരും കെട്ടോ എന്ന മുഖ്യമന്ത്രിയുടെ ത​ഗുകൾ കുത്തിപ്പൊക്കുന്നുണ്ട് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം സിൽവർലൈൻ പദ്ധതി രൂപരേഖയിലെ സാങ്കേതിക – പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

എത്രയോ പാവങ്ങളുടെ ആകെയുള്ള സമ്പാദ്യമായ കൂര പൊളിച്ച് മഞ്ഞകുറ്റി നാട്ടിയിട്ട് വർഷങ്ങൾ കുറേയായി. അവർക്കെല്ലാം മറ്റൊരു വീട് വച്ച് നൽകാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉദ്യോ​ഗസ്ഥരുമൊന്നും പിന്നെ ആ വഴിക്ക് വന്നില്ലെന്നതാണ് വാസ്തവം. അതിന് ശേഷം സിൽവർലൈൻ പ്രതിഷേധ സമിതി പ്രവർത്തകരും പ്രതിപക്ഷവും എല്ലാം ചേർന്ന് പ്രതിഷേധ സൂചകമായി സിൽവർലൈനിനു വേണ്ടി ഉണ്ടാക്കിയ മഞ്ഞകുറ്റി മാറ്റി, ആ കുറ്റി നാട്ടിയ കുഴിയിൽ വാഴ നട്ടു. ആ വാഴയിലുണ്ടായ വാഴക്കുല ലേലം വച്ചാണ് ഇത്തരത്തില് പെരുവഴിയിലായ പല കുടുംബങ്ങൾക്കും വീട് വച്ച് നൽകിയത്.

സിൽവർലൈന്റെ പേരിൽ പദ്ധതി തുടങ്ങുന്നതിന്റെ മുമ്പ് തന്നെ കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് ചിലവാക്കിയതും, സിൽവർലൈൻ പദ്ധതിയിൽ ജോലി നൽകിയ ഉദ്യോ​ഗസ്ഥർക്ക് ശമ്പളം മുടങ്ങിയതുമായുള്ള കാര്യങ്ങൾ ഓർത്ത് പോലും നോക്കാത്ത സർക്കാർ വീണ്ടും ഈ പദ്ധതിയ്ക്ക് പിന്നാലെ പോകുകയാണ്.

നിലവിൽ സർക്കാർ നൽകിയ റിപ്പോർട്ട് പ്രകരം പദ്ധതിയിൽ മുന്നോട്ട് പോകില്ലെന്ന് കേന്ദ്രം അറിയിച്ചു. പക്ഷേ രൂപരേഖയിലെ സാങ്കേതിക –പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ വിഷയം പരിഗണിക്കാം എന്നത് കൊണ്ട് പദ്ധതി നടപ്പിലാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഇതോടെ പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമര സമിതിയും രം​ഗത്ത് ഉണ്ട്.

കാട്ടിൽപീടികയിൽ സമരസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ്പ്രതിഷേധം. മുഴുവൻ കേസുകളും പൂർണമായി പിൻവലിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെങ്ങളം കെ–റെയിൽ പ്രതിരോധ ജനകീയ സമിതി കൺവീനർ പി.കെ.സഹീർ പറഞ്ഞു. 2020 ജൂലൈയിലാണു ജനകീയ പ്രതിരോധ സമിതി സമരം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയെ കണ്ടു ചർച്ച നടത്തിയപ്പോൾ പ്രതിഷേധ സൂചകമായി സമരപ്പന്തലിൽ ഒത്തുകൂടി നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

അതേ സമയം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഏറെ നിർണായകമെന്ന നിലയ്ക്കാണ്‌ സിൽവർലൈൻ പദ്ധതി കൊണ്ടുവന്നതെന്നതായിരുന്ന എൽ.ഡി.എഫ്. സർക്കാർ വാദം. പക്ഷേ പദ്ധതി പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ നിയോഗിച്ച് പണി തുടങ്ങിയ സർക്കാർ ഈ ഉദ്യോഗസ്ഥരെ ചുരുങ്ങിയ ദിവസത്തിനുളളിലാണ് തിരിച്ച് വിളിച്ചത്. ഈ സമയത്തിനുള്ളിലാണെങ്കില് പദ്ധതിയുടെ പേരില് എത്രയോ പേർ പെരുവഴിയിലായിക്കഴിഞ്ഞിരുന്നു. കേന്ദ്രാനുമതി ലഭിക്കും വരെ കാത്തിരിക്കുമെന്നാണ് അന്ന് സംസ്ഥാന സർക്കാർ പറഞ്ഞത്.

ഇതിനൊരു തീരുമാനമാകാറായി എന്നാണ് കഴിഞ്ഞ ദിവസത്തെ റെയിവെ മന്ത്രിയുടെ തീരുമാനത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. അപ്പോഴും പദ്ധതിയുടെ പേരി‍ൽ വഴിയാധാരമായവരെ കുറിച്ച് ഓർക്കാനോ തുടർ നടപടി എടുക്കാനോ ആരും തയ്യാറായിട്ടില്ല എന്നുള്ളതാണ്. ഇനി എന്തായാലും തുടർ നടപടി എന്തെന്നത് കാത്തിരുന്ന് തന്നെ കാണണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments