‘അമ്മ മരിച്ചപ്പോൾ പോലും തിരിഞ്ഞു നോക്കാത്തവർ; പാലക്കാട്ടേക്ക് ഇനിയില്ല; ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നു സന്ദീപ് വാര്യർ

പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് കൃഷ്‌ണകുമാറിനെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നത്. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാറിന്റെ വാദം തള്ളിയ കൃഷ്ണകുമാർ തന്റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ലെന്നു പറയുന്നു. അപമാനം നേരിട്ട പാലക്കാട്ടേക്ക് ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്ല.

അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്. മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ട്. താൻ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും, തന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ല എന്നത് മറന്നുപോകരുതെന്നും ഫേസ്ബുക്കിൽ അദ്ദേഹം ആഞ്ഞടിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ :

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ.
ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്.

പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ. പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.
ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ?

എൻറെ അമ്മ രണ്ടുവർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോൾ പ്രകാരം വേദിയിൽ ഇരിക്കേണ്ട ആൾ. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല.

ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല.

ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

https://www.facebook.com/share/p/1FoHnBM4Un

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments