മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കുന്ന സമൂഹമാണ് ഇന്നത്തേത്. ഭക്ഷണ ശീലങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ കടന്നുവരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പൊതുവെ വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ചോറും, സാമ്പാറും, അവിയലും, പുളിശ്ശേരിയും,പപ്പടവും ,അച്ചാറും, പായസവുമെല്ലാം മലയാളികളുടെ ഇഷ്ടവിഭവമാണ്.
എന്നാൽ ഇവയിൽ നിന്നൊക്കെ മലയാളികൾ വ്യതിചലിക്കുന്നുണ്ടോ എന്ന സംശയം കൂടുകയാണ്. അതിനു പ്രധാനകാരണം വഴിയരികിലും മറ്റും ഉയർന്നു വരുന്ന തട്ടുകടകളും ഫാസ്റ്റ് ഫുഡ് ഷോപ്പുകളുമാണ്. ആദ്യമൊക്കെ റോഡ് സൈഡുകളിൽ ഒന്നോ രണ്ടോ തട്ടുകടകളും മറ്റും നിന്നിരുന്ന സ്ഥലത്തിന്ന് വിരലിലെണ്ണാവുന്നതിലുമപ്പുറം കടകൾ വന്നു. ഈ മാറ്റങ്ങളത്രയും സൂചിപ്പിക്കുന്നത് കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ വന്ന മാറ്റത്തെയാണ്.
കുറച്ചു വർഷങ്ങൾക്ക് മുമ്പുവരെ ഹോട്ടലോ റെസ്‌റ്റോറന്റോ തുടങ്ങിയിരുന്നവർ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. അതിലേറ്റവും പ്രധാനം, സ്ഥാപനം തുടങ്ങുന്നിടത്ത് അതേ രീതിയിലുള്ള സംരംഭം ഉണ്ടാകരുതെന്നാണ്. മറ്റൊരു സ്ഥാപനത്തിന്റെ സാന്നിധ്യം തങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്ന ചിന്താഗതിക്കാരായിരുന്നു മിക്ക കച്ചവടക്കാരും.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. ഹോട്ടലും റെസ്‌റ്റോറന്റും ഫാസ്റ്റ് ഫുഡ് ഷോപ്പുമെല്ലാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഒരു കേന്ദ്രീകൃത സ്ഥലത്തേക്ക് എത്തുന്നു. ഏതാണ്ട് നൂറോളം ഭക്ഷണ ഷോപ്പുകൾ ഇന്ന് പല സിറ്റികളിലും നടക്കുന്നുണ്ട്.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണ സ്ട്രീറ്റുകളും കേരളത്തിൽ ഇന്ന് കാണാൻ സാധിക്കും. ഇവയ്‌ക്കെല്ലാം പ്രധാനകാരണം ആവശ്യക്കാർ കൂടുന്നു എന്നതാണ്. ആ കണക്കുകൾ വിരൽ ചൂണ്ടുന്നതും കേരളീയരുടെ മാറിയ ഭക്ഷണ ശീലത്തിലേക്കാണ്. ചോറും സാമ്പാറും പായസവും വികാരമാക്കിയവർക്കിന്ന് ടർക്കിഷ് ചിക്കനും ഇറ്റാലിയൻ ഫുഡും ചൈനീസ് ചീസും സ്പാനിഷ് ഡിലൈറ്റുമാണ് ഏറെ പ്രിയം.
തനി നാടൻ വിഭവങ്ങളിൽനിന്നും എങ്ങനെ മറുനാട്ടിലേക്ക്
മലയാളികളുടെ ഭക്ഷണ ശീലത്തിലേക്ക് ഫാസ്റ്റ് ഫുഡ് കടന്നു വന്നിട്ട് അത്രയധികം കാലമൊന്നുമായിട്ടില്ല. എന്നാൽ ആഴ്ചയിലൊരിക്കൽ പൊറോട്ടയേയും ബീഫിനെയും ആശ്രയിക്കാത്ത മലയാളികൾ ഇന്നില്ല. ആരോഗ്യത്തിനേക്കാൾ ഭക്ഷണത്തിന് പ്രാധാന്യം നൽകുകയാണ് ഇന്നത്തെ യുവ തലമുറ.
മാറിയ ഭക്ഷണ ശീലങ്ങൾ വലിയ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ഫുഡിനോടുള്ള കമ്പം ആളുകൾക്കു കുറയുന്നുമില്ല.
ഫുഡ് സ്ട്രീറ്റ് ബിസിനസ്സ്
വിവിധ ടേസ്റ്റുകളുള്ള ആളുകൾക്ക് ഒരു സ്ട്രീറ്റിൽ എല്ലാത്തരം വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങളും ലഭിക്കുന്നു എന്നതാണ് ഫുഡ് സ്ട്രീറ്റ് രീതിയുടെ പ്രധാന പ്രത്യേകത. എല്ലാവർക്കും ബിസിനസ് ലഭിക്കുമെന്നതിനാൽ കച്ചവടക്കാർക്കും നേട്ടമാണ്.
രാത്രി ഷോപ്പിംഗ് രീതികൾ കൂടിയതോടെ പുറത്തുനിന്നുള്ള ഭക്ഷണ രീതിയും വർധിച്ചു. കോവിഡിന് ശേഷം വാഹനങ്ങളിൽ ഭക്ഷണം പാകം ചെയ്ത വിൽപ്പന നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ആളുകളെ ആകർഷിപ്പിച്ച് ഭക്ഷണം നൽകുക, വ്യാപാരം വർധിപ്പിക്കുക എന്നാണ് ഇതിലൂടെ പലരും ലക്ഷ്യം വെക്കുന്നത്.