ഇന്ത്യൻ ഓഹരി വിപണിയില്‍ കനത്ത ഇടിവ് ; 24,000നു താഴെ നിഫ്റ്റി, സെന്‍സെക്‌സ് 79,000നു കീഴില്‍

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ കനത്ത ഇടിവ് . നിഫ്റ്റിയും സെൻസെക്‌സും ഇടിഞ്ഞ് കനത്ത നഷ്‌ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്‍റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 24100 എന്ന നിലയിലേക്ക് താഴ്‌ന്നു.

ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി ഓഹരികളിലാണ് വലിയ ഇടിവ് നേരിട്ടത്. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ ഇന്ന് കനത്ത നഷ്‌ടം നേരിട്ടപ്പോള്‍ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, സിപ്ല ഓഹരികള്‍ നേട്ടം ഉണ്ടാക്കി. നിഫ്റ്റി 50 സ്റ്റോക്ക് ലിസ്റ്റിൽ 9 ഓഹരികൾ മാത്രം നേട്ടത്തോടെ തുറന്നപ്പോൾ മറ്റ് 41 ഓഹരികൾ നഷ്‌ടത്തിലാണ്.

മിഡ് ക്യാപ് സൂചിക 1.2 ഉം, സ്‌മോള്‍ ക്യാപ് സൂചിക 1.6 ഉം ശതമാനം ഇടിഞ്ഞു. രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 84.07 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.06 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 2742 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം വില മാറ്റമില്ലാതെ പവന് 58,960 രൂപയില്‍ തുടര്‍ന്നു. ക്രൂഡ് ഓയിലിനു നേരിയ ഉയര്‍ച്ച. ബ്രെന്റ് ഇനം 74.26 ഡോളറിലേക്കു കയറി.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഫെഡറൽ റിസർവ് അധിക പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമാണ് ഓഹരി വിപണിയില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.

വാഹനകമ്പനികള്‍ ഇന്നു തുടക്കത്തില്‍ കയറ്റം കാണിച്ചു. പിന്നീടു താണു. റോയല്‍ എന്‍ഫീല്‍ഡ് വില്‍പന റെക്കോര്‍ഡ് ആയത് ഐഷര്‍ മോട്ടോഴ്‌സിനെ രണ്ടു ശതമാനം ഉയര്‍ത്തി. പിന്നീട് നേട്ടം താഴ്ന്നു. ബജാജ് ഓട്ടോയുടെ വില്‍പന പ്രതീക്ഷ പോലെ കൂടിയില്ല. ഓഹരി അഞ്ചു ശതമാനം താഴ്ന്നു.

50,000 ലധികം വാഹനങ്ങള്‍ ഒക്ടോബറില്‍ വിറ്റ ഒല ഇലക്ട്രിക് ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു. മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ടിവിഎസ്, ഹീറോ, അശോക് ലെയ്‌ലന്‍ഡ് തുടങ്ങിയവയും താഴ്ചയിലായി. ഹ്യുണ്ടായ് മോട്ടോഴ്‌സും താഴ്ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നു ശതമാനത്തോളം കയറി.

സിപ്ലയുടെയും ഭാരതി എയര്‍ടെലിന്റെയും ലക്ഷ്യവില ഉയര്‍ത്തിയ നൊമുറ ആ ഓഹരികള്‍ വാങ്ങാനും ശിപാര്‍ശ ചെയ്തു. സിപ്ല രണ്ടര ശതമാനം കയറി. മിത്സുബിഷിയുമായി 700 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട ആസാദ് എന്‍ജിനിയറിംഗ് ഓഹരി 14 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് ഇപ്പോള്‍ 4000 കോടിയുടെ കരാറുകള്‍ ഉണ്ട്. ഐടി കമ്പനികളുടെ വരുമാന വളര്‍ച്ചയെപ്പറ്റി ചില ബ്രോക്കറേജുകള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്‍ഫോസിസും ടിസിഎസും അടക്കം പ്രമുഖ കമ്പനികള്‍ താഴ്ന്നു.

തകരാൻ കാരണമായി വിദഗ്‌ധര്‍ പറയുന്നത്

നാളെ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഓഹരി വിപണി ഇടിയാൻ കാരണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നതിനാല്‍, ഈ അനിശ്ചിതത്വം വിപണിയെ ബാധിച്ചു.

ഇന്ത്യ ഇൻ കോർപ്പറേഷന്‍റെ FY25 വരുമാന എസ്റ്റിമേറ്റുകളിലെ ഇടിവ്, വിദേശ കറൻസികളുടെ ശക്തമായ ഒഴുക്ക്, ഇന്ത്യൻ രൂപ റെക്കോഡ് നിരക്കില്‍ താഴ്‌ന്നത്, ആഗോള തലത്തില്‍ എണ്ണ വിലയിലുണ്ടായ വർധനവ് എന്നിവ ആഭ്യന്തര ഓഹരികളിൽ വിൽപ്പന സമ്മർദത്തിന് കാരണമായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.1 എന്ന നിലയിലാണ്. ഇന്ത്യൻ കറൻസി ദുര്‍ബലമായതോടെ കൂടുതൽ വിദേശ പണത്തിന്‍റെ ഒഴുക്കിന് കാരണമായേക്കാം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒപെക് + ഡിസംബറിലെ ഉൽപാദനം ഒരു മാസം വൈകിയതിനെത്തുടർന്ന് ബ്രെന്‍റ് ക്രൂഡ് ഓയിൽ ബാരലിന് ഇന്ന് 2 ശതമാനം ഉയർന്ന് 74 ഡോളറിലെത്തി.

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം തുടരുന്നതിനാല്‍ ക്രൂഡ് ഓയിൽ വിലയെ ഇനിയും സ്വാധീനിക്കുമെന്നും ഓഹരി വിപണിയില്‍ തകര്‍ച്ച നേരിടാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് ഈ ആഴ്‌ച വളരെ അസ്ഥിരമാകുമെന്നും, നിക്ഷേപകർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments