
ത്രില്ലായി ധീരം; ഇന്ദ്രജിത്തിന് ആശംസകളുമായി പൃഥ്വി
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിവീലിംഗ് ടീസർ റിലീസ് ചെയ്തു. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുകയാണ് ധീരം. നിരവധി ഷോർട് ഫിലിമുകളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധീരം.
ധീരത്തിന്റെ ടീസർ ഏറെ വ്യത്യസ്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ മേഖലയിലെ 99പേർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. ശേഷം ചേട്ടന്റെ പുതിയ ചിത്രത്തിന് ആശംസ അറിയിച്ച് പൃഥ്വി രാജ് ടൈറ്റിൽ സോഷ്യൽ മീഡിയ വഴി പങ്കിട്ടു.
മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാരിയർ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി നിരവധി പേരും സോഷ്യൽ മീഡിയ പേജുകളിലൂടെ ടൈറ്റിൽ റിവിലിംഗ് ടീസർ പുറത്തുവിട്ടിട്ടുണ്ട്. തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന് വേണ്ട സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് നിർമ്മാണം.
ഇന്ദ്രജിത്തിനൊപ്പം അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.