
പങ്കാളിത്ത പെൻഷൻകാർക്കുള്ള ആശ്വാസധനം ഒന്നാം പിണറായി സർക്കാർ അട്ടിമറിച്ചെന്നു നിയമസഭ രേഖ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് സർവീസിൽ ഇരുന്ന് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അവസാന ശമ്പളം 100% വും ആശ്വാസധനമായി അനുവദിക്കാൻ 2012 ലെ ഉമ്മൻചാണ്ടി സർക്കാർ എടുത്ത മന്ത്രിസഭാ തീരുമാനം 2016 ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ പുനഃപരിശോധിച്ച് അവസാന അടിസ്ഥാന ശമ്പളത്തിന്റെ 30% മാത്രം നൽകിയാൽ മതിയെന്ന് 2016 ൽ വീണ്ടും മന്ത്രിസഭാ തീരുമാനം എടുത്ത് ഉത്തരവ് പുറപ്പെടുവിച്ചതായി പി.കെ. ബഷീർ എം എൽ എ യുടെ ചോദ്യത്തിന് ധനമന്ത്രി വ്യക്തമാക്കി.
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ ജീവനക്കാരൻ സർവീസിൽ ഇരുന്ന് മരണപ്പെട്ടാൽ കുടുംബത്തിന് ജീവനക്കാരന്റെ അവസാന ശമ്പളം ആശ്വാസധനമായി അനുവദിക്കാൻ 2012 ൽ മന്ത്രിസഭാ തീരുമാനം എടുത്തിരുന്നോ എന്ന ചോദ്യത്തിന് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ള ജീവനക്കാരൻ സർവീസിൽ ഇരിക്കെ മരണമടയുന്ന സാഹചര്യത്തിൽ ടിയാൻ അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക ആശ്രിതർക്ക് ആശ്വാസധനസഹായം അനുവദിക്കുന്നതിനായി 26.12.2012 ൽ തീരുമാനം എടുത്തതാണെന്നും എന്നാൽ ഇതേ വിഷയം വിശദമായി പരിശോധിച്ച ഒന്നാം പിണറായി സർക്കാർ വീണ്ടും മന്ത്രിസഭാ തീരുമാനം എടുക്കുകയും 25.08.2016 ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ള ജീവനക്കാരൻ സർവീസിൽ ഇരുന്ന് മരണമടയുന്ന സാഹചര്യത്തിൽ ടിയാൻ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30% മാത്രം ആശ്വാസധനമായി അനുവദിക്കുന്നതിന് 31.08.2016 ൽ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു എന്നാണ് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പതിനൊന്നാം സമ്മേളനത്തിലെ ചോദ്യത്തിനുള്ള മറുപടി സഭാ സമ്മേളനം അവസാനിച്ചു മാസങ്ങൾ കഴിഞ്ഞാണ് സഭയിൽ മറുപടി നൽകിയത്.
