തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് കേന്ദ്ര–സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്. മൂന്ന് വർഷം കഴിഞ്ഞ ശേഷം അന്വേഷണപ്രഖ്യാപനം നടത്തുന്നതിൽ കാര്യമില്ല. ഇതെല്ലാം രാഷ്ട്രീയ ആരോപണമായി സിപിഎം ഇതുവരെ വിഷയം ഉന്നയിക്കാത്തത് തന്നെ ഇതിന് തെളിവാണ്.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കേസില്‍ സാക്ഷിയായതും ഒത്തുകളിയുടെ ഭാഗമായെന്നും സതീശന്‍ ആരോപിച്ചു. പാലക്കാട്ട് ബിജെപിക്ക് സിപിഎമ്മിന്‍റെ തുണയുണ്ടെന്നും എല്ലാ നീക്കങ്ങളും ബിജെപിയെ സഹായിക്കാനാണെന്നും വി.ഡി. സതശീന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഡി.ജി.പിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ഡി.ജി.പിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.
കോടതിയുടെ അനുമതി കൂടി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കൂടി സമാഹരിച്ച് കൊണ്ടാകും തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.