ദളപതി വിജയ് സിനിമ ജീവിതം നിർത്തി രാഷ്ട്രീയത്തിലിറങ്ങിയതോടെ സിനിമയിൽ ദളപതിക്ക് പകരക്കാരനാര് എന്നൊരു ചോദ്യം സിനിമാ മേഖലയിൽ ശക്തമായിരുന്നു. കാത്ത് കാത്തിരുന്ന ആ ചോദ്യത്തിന് ഇപ്പോൾ പ്രേക്ഷകർ തന്നെ ഒരുത്തരം കണ്ടെത്തുകയാണ്. നിലവിലെ സാഹചര്യത്തിൽ സൂപ്പർതാരം ശിവകാർത്തികേയനാകുമെന്നാണ് അദ്ദേഹത്തിന്റെ സിനിമ കളക്ഷൻ കാണുമ്പോൾ തോന്നുന്നത്.
ശിവകാർത്തികേയന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് അമരൻ. ചിത്രം വൻ ഹിറ്റാകുകയാണ്. വെറും മൂന്ന് ദിവസത്തിൽ അമരൻ 100 കോടിയലധികം കളക്ഷൻ നേടി. ഇതോടെ ഇനി തമിഴകത്തെ കളക്ഷനിൽ അമ്പരപ്പിക്കുന്ന താരം ശിവകാർത്തികേയനാകും എന്നാണ് പ്രേക്ഷക പ്രതികരണം. വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ദ ഗോട്ടാണെത്തിയതും ശ്രദ്ധയാകർഷിച്ചതും. ദ ഗോട്ടിൽ ഒരു അതിഥി കഥാപാത്രമായി ശിവകാർത്തികേയനും ഉണ്ടായിരുന്നു.
ദ ഗോട്ടിൽ നായകൻ വിജയ് തന്റെ തോക്ക് കൈമാറിയത് ശിവകാർത്തികേയന് ആയിരുന്നു. വിജയ്‍ വേഷമിട്ട ഒരു ഹിറ്റ് സിനിമയുടെ പേരുമായ തുപ്പാക്കി ശിവകാർത്തികേയന് കൈമാറിയ രംഗം വലിയ ചർച്ചയായിരുന്നു. തന്റെ സ്ഥാനം സിനിമയിൽ ശിവകാർത്തികേയനാണ് താരം കൈമാറിയതെന്നായിരുന്നു വിലയിരുത്തൽ. സ്റ്റൈലിഷ് മാനറിസങ്ങൾ സിനിമയിൽ കാണിക്കുന്ന താരവുമാണ് ശിവകാർത്തികേയനും. അതിനാൽ വിജയ്‍യുടെ യഥാർത്ഥ പിൻഗാമി താരം ആകും എന്ന നേരത്തെയുള്ള വിലയിരുത്തലുകളുമാണ് കളക്ഷൻ കണക്കുകളും ശരിവയ്‍ക്കുന്നത്.
മേജർ മുകുന്ദ് വരദരാജിന്റെ ജീവിത കഥയായിരുന്നു അമരനിൽ പ്രമേയമായത് എന്നതും പ്രത്യേകയായിരുന്നു. മേജർ മുകുന്ദ് വരദരാജായി അമരൻ സിനിമയിൽ ശിവകാർത്തികേയനെത്തിയപ്പോൾ വലിയ വിജയമായി മാറുകയായിരുന്നു. സായ് പല്ലവിയായിരുന്നു നായികയായി എത്തിയത്. രാജ്‍കുമാർ പെരിയസ്വാമി സംവിധാനം ചെയ്‍ത ചിത്രം നിർമിച്ചത് നടൻ കമൽഹാസൻ ആണ്.
അതേ സമയം ദളപതി തന്റെ രാഷ്ട്രീയ ജീവിതത്തിൽ സജീവമായിരിക്കുകയാണ്. കേരളത്തിലടക്കം വിജയുടെ പാർട്ടി സജീവമാകുമെന്നാണ് വിലയിരുത്തൽ. പ്രഖ്യാപന നാൾ മുതലേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് തമിഴ് സൂപ്പർതാരം വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ഒരു സിനിമകൂടി പൂർത്തിയാക്കി പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വൻ സംഘവുമുണ്ട്.
വിജയ് ആരാധകർക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ടി.വി.കെ. തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങൾ കേരളത്തിലും ഉടൻ വരുമെന്ന് പ്രവർത്തകർ പ്രതികരിച്ചു.
രണ്ട് മാസത്തിനുള്ളിൽ കേരളത്തിലെ എല്ലായിടത്തും സജീവ പ്രവർത്തനം ആരംഭിക്കും. പാലക്കാട് മാത്രം അംഗങ്ങളായി 30,000-ത്തോളം പേരുണ്ട്. കൂടുതൽ പാർട്ടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗത്വമെടുക്കുന്നതിനായുള്ള ആപ്ലിക്കേഷൻ വരുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവരം ചെന്നൈയിൽ ടി.വി.കെ ഉന്നതവൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. കാത്തിരിക്കാനാണ് പറഞ്ഞിരിക്കുന്നതെന്നും പ്രവർത്തകർ പ്രതികരിച്ചു.ആർക്ക് വോട്ട് ചെയ്യാനാണോ ദളപതി പറയുന്നത്, ഒന്നും നോക്കാതെ അവർക്ക് വോട്ട് ചെയ്തിരിക്കും.
സിനിമയിലേതെന്നപോലെ രാഷ്ട്രീയത്തിലും വിജയ്ക്ക് കേരളത്തിൽനിന്നുള്ള പിന്തുണയുണ്ടാവും. ചരിത്രം മാറ്റിയെഴുതാനാണ് അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത്. എത്രയോ പുതിയ പാർട്ടികൾ വന്നിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എത്രയോ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ ഇവിടെയും സംഭവിക്കാം. പാലക്കാട് നിയോജകമണ്ഡലത്തിൽ പാർട്ടിക്കുള്ള പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നും അവർ പറഞ്ഞു.