NationalSports

മുന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ അമ്മയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പൂനെ: മുന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലില്‍ അങ്കോളയുടെ അമ്മ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയിലാണ് മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വന്നപ്പോള്‍ കോളിങ് ബെല്‍ അമര്‍ത്തിയിട്ടും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്യുകയും അവര്‍ വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതില്‍ തുറന്നപ്പോള്‍ സ്ത്രീയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രഥമദൃഷ്ട്യാ, മുറിവുകള്‍ സ്വയം വരുത്തിവച്ചതാണെന്ന് തോന്നുന്നു. എന്നിരുന്നാലും, ഞങ്ങള്‍ കേസ് എല്ലാ കോണുകളില്‍ നിന്നും അന്വേഷിക്കുന്നുവെന്നും മരിച്ച സ്ത്രീക്ക് മാനസികമായി ചില അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മനസിലായെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. 1989 നും 1997 നും ഇടയില്‍ സലില്‍ അങ്കോള ഒരു ടെസ്റ്റ് മാച്ചും 20 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചിരുന്നു. ഫാസ്റ്റ് മീഡിയം ബൗളറായ അങ്കോള പിന്നീട് ചില സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *