ലഹരിക്കേസ് പ്രതികളുമായുള്ള പിറന്നാളാഘോഷം ; ഡിവൈഎഫ്ഐ നേതാവിന്റെ നടപടി പാർട്ടിക്ക് തലവേദന ; ഒടുവിൽ അന്വേഷണത്തിന് തയ്യാറായി പാർട്ടി

പത്തനംതിട്ട: ലഹരിക്കേസ് പ്രതികളോടൊപ്പമുള്ള ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം അന്വേഷിക്കാൻ സിപിഎം. അടൂർ ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെയാണ് അന്വേഷണത്തിന് നിയോഗിക്കുക എന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണത്തിന് പാർട്ടി നേതൃത്വം ഉത്തരവിട്ടത്. അതേ സമയം സംഭവത്തില്‍ പൊലീസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം നടത്തുണ്ട്.

ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീക്കിന്റെ പിറന്നാളാണ് പ്രതികൾക്കൊപ്പം ആഘോഷിച്ചത്. പറക്കോട് ടൗണില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്‍ നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവരായിരുന്നു മുന്‍ നിരയിലുണ്ടായിരുന്ന പ്രമുഖര്‍.

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ. തിരുനെല്‍വേലി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം, അജ്മല്‍ പങ്കെടുത്ത പ്രധാന പരിപാടിയും ഇതായിരുന്നു. പറക്കോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ആഘോഷത്തിൽ പങ്കെടുത്തു.

അതേസമയം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments