ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ ബിജെപിയുമായി അകലന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. പാർട്ടിയിൽ പരിഗണന കിട്ടുന്നില്ലെന്നുള്ള അതൃപ്തിയിലാണ് സന്ദീപിന്റെ ബിജെപി അകൽച്ച. സിപിഎം നേതാവ് എ.കെ. ബാലനും പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിനും സന്ദീപിനെ പ്രകീർത്തിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
സന്ദീപ് വാര്യർ കഴിവുള്ള നേതാവാണെന്ന് സരിൻ പറഞ്ഞു. സന്ദീപ് നല്ല വ്യക്തിയാണെന്ന് സ്വകാര്യ ചാനലിനോട് എ.കെ. ബാലൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരിൽ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഈ വിവരം മുഖ്യമന്ത്രിയുമായും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചിട്ടുണ്ട്. ബി.ജെ.പി വിട്ട് വന്നാൽ സന്ദീപ് വാര്യറെ സ്വീകരിക്കാം എന്ന നിലപാടിലാണ് സി.പി.എം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒരു മറുപടിക്കുവേണ്ടിയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം കാത്തിരിക്കുന്നത്. മുഖ്യമന്ത്രി അനുകൂലമായാല്‍ ഉപതെരഞ്ഞെടുപ്പ് കഴിയും മുമ്പ് സന്ദീപ് സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ട്.
ഈയിടെ ബിജെപിയുടെ കൺവെൻഷനിൽ സന്ദീപ് വാര്യർ അവഗണിക്കപ്പെട്ടത് വിവാദമായിരുന്നു. സ്റ്റേജിൽ ഇരിപ്പിടം ലഭിക്കാത്തതിനെ തുടർന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ബിജെപിയിൽ സന്ദീപിന് അടക്കം അതൃപ്തി ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സരിൻ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി ആശയവും സന്ദീപിന്റെ ആശയങ്ങളും രണ്ടും രണ്ടാണെന്ന് തോന്നിയിട്ടുണ്ട്. സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിക്കണോ വേണ്ടയോ എന്നത് മുതിർന്ന നേതാക്കൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് സരിൻ പറഞ്ഞു. പുനഃസംഘടനയിൽ നല്ല അംഗീകാരം സന്ദീപ് പ്രതീക്ഷിച്ചിരിക്കാം. തന്നെ കൊണ്ടുവന്ന പോലെ കൊണ്ടുവരണമോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും സരിന് പറഞ്ഞു.
ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടർന്നാണ് സന്ദീപ് പാർട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയിൽ തുടരാൻ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം. ബിജെപിയിൽ താൻ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാൻ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്. ബിജെപിയിൽ സന്ദീപ് അസ്വസ്ഥനാണെന്ന് ബലൻ പറഞ്ഞു. കോൺഗ്രസ്സിൽ നിന്ന് വന്ന സരിനാണ് ബിജെപിയിൽ ഇപ്പോൾ സന്ദീപ്. ബിജെപി നേതൃത്വത്തിനെതിരെ പറയുന്നതാണ് പ്രശ്നം. സന്ദീപ് നല്ല വിമർശകനും തിരുത്തൽവാദിയുമാണ് – എ.കെ. ബാലൻ പറഞ്ഞു.
തിങ്കളാഴ്ച നടന്ന എൻ.ഡി.എ കൺവെൻഷനിൽ മുതിർന്ന നേതാക്കൾക്കൊപ്പം സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യർക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. നേതൃത്വവും നീരസം പ്രകടിപ്പിച്ചിരുന്നു.