
ഹിജാബ് നിര്‍ബന്ധം; ഇറാന്‍ സര്‍വ്വകലാശാലയില്‍ അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച് യുവതി
ടെഹ്‌റാന്‍; ഹിജാബ് നിര്‍ബന്ധമാക്കിയതിന്റെ പേരില്‍ ഇറാനിയന്‍ സര്‍വകലാശാലയായ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയില്‍ യുവതി തന്റെ മേല്‍വസ്ത്രം വലിച്ചു കീറി. സയന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍ പഠനം നടത്തുന്ന യുവതിയാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്. അര്‍ദ്ധ നഗ്നയായ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തെ തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹിജാബ് ധരിക്കാത്തതിന്‍രെ പേരില്‍ തന്നെ അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്തരമൊരു പ്രതിഷേധമാര്‍ഗം സ്വീകരിച്ചതെന്നാണ് യുവതി പറയുന്നത്. അടി വസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടഞ്ഞുവയ്ക്കുന്നതാണ് വീഡിയോ. തുടര്‍ന്ന് യുവതി കോളേജ് അങ്കണത്തില്‍ തന്നെ ഇരുന്ന് മറ്റുള്ളവരെ കൈ വീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതി കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും മാനസിക വിഭ്രാന്തിയാലാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്‌തെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ അധികാരിയായ അമീര്‍ മഹ്ജോബ് എക്സില്‍ പറഞ്ഞത്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം മിക്കവാറും യുവതിയെ മാനസിക ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറില്‍ ഇറാനിയന്‍ കുര്‍ദിഷ് യുവതി സദാചാര പോലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ടത് രാജ്യ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.