കെയ്റോ: സംഘര്‍ഷം രൂക്ഷമായതിനാല്‍ ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ തക്ക സമയത്ത് നല്‍കാന്‍ സാധിച്ചി രുന്നില്ല. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ലോകാരോഗ്യ സംഘടന പോലും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഗാസയിലെ ഓരോ പിഞ്ച് കുഞ്ഞിനോടും ശത്രുത പുലര്‍ത്തുന്നവരാണ് ഇസ്രായേലെന്ന് ഇന്ന് നടന്ന ആക്രമണത്തില്‍ വെളിപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്ന ക്ലിനിക്കിന് നേരെ ഇന്ന് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
നാല് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഈ ഉത്തരവാദിത്തം നിഷേധിച്ചു. ലോകാ രോഗ്യ സംഘടനയും പോളിയോ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംയുക്തമായി നടത്തുന്ന യുനിസെഫ് എന്നറിയപ്പെടുന്ന യുഎന്‍ കുട്ടികളുടെ ഏജന്‍സിയും ഇക്കാര്യത്തില്‍ അപലപിച്ചു.
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ കഴിയുന്ന ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് ഷെയ്ഖ് റദ്വാന്‍ ക്ലിനിക്ക് എന്നതിനാല്‍ ഈ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് യുനിസെഫിന്റെ വക്താവ് റൊസാലിയ ബോലെന്‍ പറഞ്ഞു. 25 വര്‍ഷത്തിന് ശേഷം ഗാസയില്‍ ആദ്യത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചത്.