നാഗർകോവിൽ: വടശ്ശേരി പൊലീസ് സ്റ്റേഷനിലെ വനിത സബ് ഇൻസ്‌പെക്ടർ എന്ന് പറഞ്ഞ് ഡബ്ല്യു.സി.സി റോഡിലുള്ള ബ്യൂട്ടിപാർലറിൽ രണ്ടുതവണ എത്തി മുഖം ഫേഷ്യൽ ചെയ്ത ശേഷം കാശ് കൊടുക്കാതെ മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. തേനി ജില്ലയിൽ പെരിയകുളം വടുകപട്ടി സ്വദേശി അഭിപ്രഭ (34)യെയാണ് വടശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് വ്യാജ പൊലീസ് യൂനിഫോം ധരിച്ച ഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു. വിവാഹമോചനം നേടിയ ഇവർക്ക് ഒരു കുട്ടിയുണ്ട്. ചെന്നൈയിൽ തുണിക്കടയിൽ പണിയെടുക്കുകയായിരുന്ന ഇവർ ഇതിനിടയിൽ പരിചയപ്പെട്ട ആൺസുഹൃത്തിനെ വിവാഹം ചെയ്യാൻ അയാളുടെ വീട്ടുകാരെ പൊലീസിൽ ജോലിയുണ്ട് എന്നുപറഞ്ഞ് കബളിപ്പിക്കാനാണ് യൂണിഫോം തയാറാക്കിയത്. തുടർന്ന് യൂണിഫോമിൽ പലരെയും കമ്പളിപ്പിച്ചതായാണ് വിവരം. നാഗർകോവിലിലെ ബ്യൂട്ടിപാർലറിൽ വ്യാഴാഴ്ച രണ്ടാം തവണ വന്നപ്പോഴാണ് പാർലർ ഉടമ പൊലീസിനെ വിവരം അറിയിച്ചത്.
എസ്.ഐ വേഷം ധരിച്ച് ആർക്കും സംശയം തോന്നാത്ത തരത്തിലാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽ നിന്നാണ് ഇവർ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ ചെയ്ത് കഴിഞ്ഞ് പണം ചോദിച്ചപ്പോൾ താൻ വടശ്ശേരി എസ്‌ഐയാണ്, കാശ് പിന്നെത്തരാം എന്നായിരുന്നു മറുപടി.
ഇതും പറഞ്ഞ് തിടുക്കത്തിൽ അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു. സംശയം തോന്നിയ ഉടമ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പ്രഭയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസല്ലെന്നും കാമുകൻ പറഞ്ഞിട്ടാണ് പൊലീസ് വേഷമിട്ട് എത്തിയതെന്നും അഭിപ്രഭ പൊലീസിനോട് പറഞ്ഞത്. കാമുകനെ പൊലീസ് തേടി വരുകയാണ്. നിലവിൽ പ്രഭ തക്കല ജയിലിലാണ്.