ചണ്ഡീഗഡ്: സിഖ് തീര്‍ത്ഥാടകര്‍ക്ക് മുപ്പത് മിനിറ്റിനുള്ളില്‍ സൗജന്യ വിസ ലഭ്യമാക്കി പാക്കിസ്ഥാന്‍. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇവര്‍ രാജ്യത്ത് എത്തിയാല്‍ 30 മിനിറ്റിനുള്ളില്‍ തന്നെ സൗജന്യ ഓണ്‍ലൈന്‍ വിസ ലഭിക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി പറഞ്ഞു. വ്യാഴാഴ്ച ലാഹോറില്‍ സിഖ് തീര്‍ഥാടകരുടെ 44 അംഗ വിദേശ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘സിഖ് സമൂഹത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. അമേരിക്കന്‍, കനേഡിയന്‍, യുകെ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ യാതൊരു ഫീസും കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാം, ‘നിങ്ങള്‍ക്ക് വര്‍ഷത്തില്‍ 10 തവണ പാകിസ്ഥാനില്‍ വരാം. എല്ലാ സമയത്തും ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാനിലുടനീളം വിവിധ സിഖ് പൈതൃക സൈറ്റുകള്‍ തുറക്കും. പാകിസ്താന്‍ സന്ദര്‍ശിക്കുന്ന സിഖ് തീര്‍ത്ഥാടകരുടെ വാര്‍ഷിക എണ്ണം 100,000 ല്‍ നിന്ന് ഒരു ദശലക്ഷമായി ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.