IPLSports

തെറിച്ചത് 5 ക്യാപ്റ്റന്മാർ; സഞ്ജുവിനെ പിടിച്ചുവച്ച് രാജസ്ഥാൻ

മുംബൈ: ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചസികളും അവരവരുടെ നിലനിർത്തൽ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യക്കാരും വിദേശികളുമായി അഞ്ച് ക്യാപ്റ്റന്മാരടക്കം പല മികച്ച താരങ്ങളെയും ഐപിഎൽ ടീമുകൾ കൈവിട്ടു.

എന്നാൽ മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയത് 18 കോടി രൂപയ്ക്കാണ്.അത്രയധികം മൂല്യം രാജസ്ഥാൻ റോയൽസ് സഞ്ജുവിന് നൽകുന്നുണ്ട് എന്നത് വ്യക്തമാണ്.

ആറുപേരെ നിലനിർത്തിയ ടീമിൽ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു രാജസ്ഥാൻ റോയൽസിലെ വിലയേറിയ താരമായും മാറി. വരുന്ന സീസണിലും സഞ്ജു തന്നെ ആയിരിക്കും രാജസ്ഥാൻ റോയൽസിനെ നയിക്കുകയെന്നും ടീം അറിയിച്ചു.

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ, സ്പിന്നർ യുസ് വേന്ദ്ര ചഹൽ, ആർ. അശ്വിൻ എന്നിവരെ കൈവിട്ട രാജസ്ഥാൻ റോയൽസ്, റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവരെ 14 കോടിക്ക് നിലനിർത്തി. ഷിമ്രോൺ ഹെറ്റ്‌മെയറെ 11 കോടിക്കും സന്ദീപ് ശർമയെ നാലുകോടി രൂപയ്ക്കും നിലനിർത്തി.

സഞ്ജുവിന്റെ ഐപിഎൽ അരങ്ങേറ്റം

2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്ന സഞ്ജു ഒരവസരം പോലും ലഭിക്കാതെയാണ് 2013ൽ രാജസ്ഥാൻ റോയൽസിൽ എത്തുന്നത്. ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്നു ദിശാന്ത് യാഗ്നിക്ക് പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന മത്സരത്തിൽ പഞ്ചാബിനെതിരെയായിരുന്നു സഞ്ജുവിന്റെ ഐ.പി.എല്ലിലെ ആദ്യ അരങ്ങേറ്റം. രണ്ടാം മത്സരത്തിൽ 41 പന്തിൽ 63 റൺസ് നേടിയ സഞ്ജു അന്ന്, ഐ.പി.എല്ലിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി മാറി.

2021-ലെ സീസണിന് മുന്നോടിയായി രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി. നായകസ്ഥാനം ഏറ്റെടുത്ത ആദ്യമത്സരത്തിൽ തന്നെ സെഞ്ചുറി നേടി. 2022-ലെ സീസണിന് മുന്നോടിയായി സഞ്ജുവിനെ നിലനിർത്തുകയും നായകസ്ഥാനത്ത് തുടരുകയും ചെയ്തു. ആ സീസണിൽ ടീം റണ്ണറപ്പുമായി. കഴിഞ്ഞ സീണിൽ മൂന്നാം സ്ഥാനക്കാരായിരുന്നു.

ടീമിനൊപ്പം സഞ്ജു കളിക്കുന്ന പതിനൊന്നാമത്തെ സീസണാണ് വരാനിരിക്കുന്നത്. ഐ.പി.എല്ലിൽ ഇതുവരെയായി 168 കളികളിൽ നിന്ന് 4419 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റനായി 60 ഇന്നിങ്‌സിൽനിന്ന് 1835 റൺസാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *