
കെ.എം. എബ്രഹാമിൻ്റെ ശമ്പളം വീണ്ടും വർദ്ധിപ്പിക്കും! പ്രതിമാസ ശമ്പളം 4.07 ലക്ഷമായി ഉയരും
2.73 കോടി എബ്രഹാമിന് ശമ്പളമായി നൽകിയെന്ന് കെ.എൻ. ബാലഗോപാൽ
കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിൻ്റെ ശമ്പളം വീണ്ടും വർദ്ധിപ്പിക്കും. കേരളത്തിൽ എല്ലാ വർഷവും ശമ്പള വർധന ലഭിക്കുന്ന വ്യക്തിയാണ് കെ.എം. എബ്രഹാം.
ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ൽ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയിൽ 27, 500 രൂപയും 2020 ൽ 27,500 രൂപയും 2022 ൽ 19,250 രൂപയും 2023 ൽ 19,250 രൂപയും 2024 ഏപ്രിൽ മാസത്തിൽ 19,250 രൂപയും എബ്രഹാമിൻ്റെ ശമ്പളത്തിൽ വർദ്ധിപ്പിച്ചു.
5 തവണയാണ് എബ്രഹാമിൻ്റെ ശമ്പളം വർദ്ധിപ്പിച്ചത്. നിലവിൽ കെ.എം. എബ്രഹാമിൻ്റെ ശമ്പളം 3,87, 750 രൂപയാണ്. ഈ വർഷവും ശമ്പളത്തിൽ 19, 250 രൂപയുടെ വർധനയാണ് വരുത്തുന്നത്. ഇതോടെ എബ്രഹാമിൻ്റെ ശമ്പളം 4.07 ലക്ഷം ആകും.പുതിയ ശമ്പള വർധനക്ക് 2025 ഏപ്രിൽ മുതൽ പ്രാബല്യം ഉണ്ടായിരിക്കും.
2024 ഒക്ടോബർ 8 ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നൽകിയത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തിൽ 2,66,19,704 രൂപയും ലീവ് സറണ്ടർ ആയി 6,84,750 രൂപയും ഉൽസവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
കരാർ ഇനത്തിലാണ് എബ്രഹാം ശമ്പളം കൈപറ്റുന്നത്. അതു കൊണ്ടുള്ള പ്രധാന ഗുണം പെൻഷനും കൈ പറ്റാം. ചീഫ് സെക്രട്ടറി പെൻഷനും എബ്രഹാമിന് ശമ്പളത്തോടൊപ്പം ലഭിക്കും. 2.50 ലക്ഷമാണ് ചീഫ് സെക്രട്ടറി പെൻഷൻ. നിലവിൽ എബ്രഹാമിന് ലഭിക്കുന്ന കരാർ ശമ്പളം 3,87,750 രൂപ. പെൻഷനും ശമ്പളവും കൂടി എബ്രഹാമിന് മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. ശമ്പളം വീണ്ടും വർദ്ധിപ്പിക്കുന്നതോടെ ഈ തുക വീണ്ടും ഉയരും.