വമ്പന്മാരെ നിലനിർത്തി മുംബൈ; ഇനി കളി മാറും: IPL 2025

പ്രതീക്ഷിക്കപ്പെട്ടതുപോലെ ഋഷഭ് പന്തിനെ കൈവിട്ട് ഡൽഹി ക്യാപിറ്റൽസ്

മുംബൈ: മുബൈ ഇന്ത്യൻസിലെ അഭ്യുഹങ്ങൾക്ക് ഇനി വിട. ഒപ്പം ചേർന്നുനിന്ന പ്രധാനപ്പെട്ട താരങ്ങളെയെല്ലാം നിലനിർത്തി മുബൈ ഇന്ത്യൻസ് പട്ടിക പുറത്തുവിട്ടു. മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് അഞ്ച് താരങ്ങളെയാണ്.

രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരെയാണ് ഫ്രാഞ്ചസി നിലനിർത്തിയത്. രോഹിതും, സൂര്യയും ടീം വിട്ടേക്കുമെന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ലിസ്റ്റാണ് മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടത്. ഹാർദ്ദിക്കും, രോഹിത് ശർമ്മയും മുംബൈക്കൊപ്പം തന്നെ ഐപിഎൽ അടുത്ത സീസണിലും ഇറങ്ങും.

ഏതൊക്കെ ടീമുകൾ ആരെയൊക്കെ നിലനിർത്തിയെന്ന കാര്യത്തിൽ അന്തിമചിത്രവും പുറത്തുവന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൈവിട്ടു. ആന്ദ്രേ റസ്സൽ (12 കോടി), റിങ്കു സിങ് (13 കോടി), വരുൺ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ ( 12 കോടി), ഹർഷിത് റാണ (4 കോടി), രമൺദീപ് സിങ് (4 കോടി) എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തിയത്.

ചെന്നൈ സൂപ്പർ കിങ്സ്

പ്രതീക്ഷിക്കപ്പെട്ടതുപോലെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ നാല് കോടിക്ക് അൺക്യാപ്ഡ് പ്ലെയറായി സി.എസ്.കെ. നിലനിർത്തി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മഹേഷ് പതിരാന (13 കോടി), ശിവം ദുബേ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി) എന്നിവരാണ് ചെന്നൈ നിലനിർത്തിയ മറ്റ് താരങ്ങൾ.

മുംബൈ ഇന്ത്യൻസ്

ജസ്പ്രിത് ബുംറ (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ (8 കോടി) എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. ഇഷാൻ കിഷനെ ടീം കൈവിട്ടു.

പഞ്ചാബ് കിങ്സ്

രണ്ട് താരങ്ങളെയാണ് പഞ്ചാബ് കിങ്സ് നിലനിർത്തിയത്. ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിംറാൻ സിങ് (4 കോടി). ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, സാം കറൻ, ജോണി ബെയർസ്റ്റോ അടക്കം മുൻനിര താരങ്ങളെ പഞ്ചാബ് ലേലത്തിന് വിട്ടു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്, ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി എന്നിവരെയടക്കം കൈവിട്ട ആർ.സി.ബി. മൂന്ന് താരങ്ങളേയാണ് നിലനിർത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിരാട് കോലിയെ 21 കോടി രൂപ നൽകി. രജത് പാട്ടിദാർ (11 കോടി), യാഷ് ദയാൽ (5 കോടി) എന്നിവരേയും ടീം നിലനിർത്തി.

രാജസ്ഥാൻ റോയൽസ്

നിലവിലെ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം ആറുപേരെ ടീം നിലനിർത്തി. 18 കോടിക്കാണ് സഞ്ജുവിനെ നിലനിർത്തിയത്. യശസ്വി ജയ്സ്വാൾ ( 18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറൽ (14 കോടി), ഷിംറോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (4 കോടി) എന്നിവരെ ടീം നിലനിർത്തി. ജോസ് ബട്ലർ, യുസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, ആർ. അശ്വിൻ എന്നിവർ ലേലത്തിനെത്തും.

സൺറൈസേഴ്സ് ഹൈദരാബാദ്

വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ അടക്കം വമ്ബൻ താരങ്ങളെ കൈവിട്ട സൺറൈസേഴ്സ് ഹൈദരാബാദ് ഹെന്റിച്ച്‌ ക്ലാസനെ 23 കോടിക്ക് നിലനിർത്തി. പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി) എന്നിവരേയും ടീം നിലനിർത്തി.

ഡൽഹി ക്യാപിറ്റൽസ്

ഋഷഭ് പന്തിനെ കൈവിട്ട ഡൽഹി ക്യാപിറ്റൽസ് അക്ഷർ പട്ടേൽ (16.5 കോടി), കുൽദീപ് യാദവ് (13.25) കോടി, ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറൽ (4 കോടി) എന്നിവരെ നിലനിർത്തി. ഡേവിഡ് വാർണറടക്കമുള്ള താരങ്ങൾ ലേലത്തിലുണ്ടാവും.

ഗുജറാത്ത് ടൈറ്റൻസ്

റാഷിദ് ഖാൻ (18 കോടി), ശുഭ്മാൻ ഗിൽ (16.50 കോടി), സായ് സുദർശൻ (8.5 കോടി), രാഹുൽ തേവാത്തിയ (4 കോടി), ഷാരൂഖ് ഖാൻ (4 കോടി) എന്നിവരെ നിലനിർത്തി.

ലഖ്നൗ സൂപ്പർ ജയന്റ്സ്

നിക്കോലാസ് പൂരാൻ (21 കോടി), രവി ബിഷ്ണോയി (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിൻ ഖാൻ (4 കോടി), ആയുഷ് ബദോനി (4 കോടി). ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മാരകസ് സ്റ്റോയ്നിസ്, ക്വിന്റൺ ഡി കോക്, ക്രുണാൽ പാണ്ഡ്യയടക്കം മുൻനിര താരങ്ങളെ ടീം കൈവിട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments