NationalNews

വൃത്തിഹീനമായ ടോയ്ലറ്റ് ; യാത്രക്കാരന് നഷ്ടപരിഹാരമായി 30,000 രൂപ നൽകാൻ ഉത്തരവ്

വിശാഖപട്ടണം: യാത്രയ്ക്കിടെ അസൗകര്യം നേരിട്ട യാത്രക്കാരനും കുടുംബത്തിനും ഇന്ത്യൻ റെയിൽവേ 30,000 നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കോടതി. തിരുപ്പതിയിൽ നിന്ന് ദുവ്വാഡയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് 55 കാരനായ വി മൂർത്തിയ്ക്കും, കുടുംബത്തിനും കടുത്ത അസൗകര്യം നേരിട്ടത്.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്നുണ്ടായ മാനസികവും ശാരീരികമായ സമ്മർദ്ദം നേരിട്ടതിനെ തുടർന്ന് മൂർത്തിക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് കോടതി നിർദ്ദേശിച്ചു. ഇതിനുപുറമെ, നിയമപരമായ ചെലവുകൾക്കായി 5,000 രൂപ അധികമായി നൽകാനുമാണ് സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.

തിരുമല എക്സ്പ്രസ്സിലാണ് വി മൂർത്തിയും കുടുംബവും യാത്ര ചെയ്തത്. ട്രെയിനിൻ്റെ 3 എ സിയിൽ 4 സീറ്റുകളാണ് ബുക്ക് ചെയ്തത്. 2023 ജൂൺ അഞ്ചിനാണ് ഇവർ തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയത്. യാത്രയ്ക്കിടെ ടോയ്ലറ്റ് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ വെള്ളം ഇല്ലായിരുന്നു. ഇതിനു പുറമെ, കോച്ചിലെ എയർ കണ്ടീഷനിംഗ് ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല, യാത്രയുടനീളം വൃത്തിഹീനമായ സാഹചര്യമായിരുന്നു. ഇതിനെ തുടർന്ന് മൂർത്തി ദുവ്വാടയിലെ ബന്ധപ്പെട്ട ഓഫീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു ഗുണവും ഉണ്ടായില്ല.

അതേസമയം, മൂർത്തിയുടെ ആരോപണങ്ങളെ നിഷേധിച്ച് റെയിൽവേ രംഗത്തെത്തി. മൂർത്തിയുടേത് തെറ്റായ ആരോപണങ്ങളാണെന്നും, റെയിൽവേ സേവനം പ്രയോജനപ്പെടുത്തികൊണ്ട് സുരക്ഷതിമായി മൂർത്തിയും കുടുംബവും ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും റെയിൽവേ അവകാശപ്പെട്ടു. പൊതുഖജനാവിലെ പണം തട്ടിയെടുക്കാനാണ് മൂർത്തി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയതെന്ന് റെയിൽവേ കോടതിയിൽ വാദിച്ചു.

എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നും എയർ ബ്ലോക്ക് കാരണം ടോയ്‌ലറ്റിലേക്കുള്ള വെള്ളം സൗജന്യമായി ഒഴുകുന്നത് തടസ്സപ്പെട്ടത് കണ്ടെത്തിയെന്നും ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് സുഖകരമായ യാത്ര ഉറപ്പാക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *