താൻ യുഎസ് പ്രസിഡന്റാകും മുമ്പ് യുദ്ധമവസാനിപ്പിക്കണം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ആവശ്യമറിയിച്ച് ഡോണൾഡ് ട്രംപ്. ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് ഈ വാർത്ത പുറത്തുവിട്ടത്. എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമുണ്ടെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് താൻ യുഎസ് പ്രസിഡന്റാകും മുമ്പ് യുദ്ധമവസാനിപ്പിക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായുള്ള വിവരം പുറത്ത് വരുന്നത്. എന്നാൽ വിശയത്തിൽ പ്രതികരിക്കാൻ ഇരുവിഭാദത്തിന്റേയും ഓഫീസ് തയ്യാറായിട്ടില്ല.
യുദ്ധത്തിന് ശേഷം ഗസ്സയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗസ്സക്കുള്ളിൽ ഒരു ബഫർ സോൺ സ്ഥാപിക്കുമെന്നും ഐ.ഡി.എഫും വെളിപ്പെടുത്തിയിരുന്നു. അതിനിടയിലും 101ബന്ദികളെ കൈമാറിയാലുടൻ യുദ്ധം അവസാനിപ്പിക്കണമെന്ന ഡീൽ അംഗീകരിക്കാൻ നെതന്യാഹു തയാറായിട്ടില്ല. അതായത് പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു തയാറല്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടന്നത്.
രണ്ട് ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായി കഴിഞ്ഞാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗസ്സ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നിരന്തരം നെതന്യാഹുവിനെ വിളിക്കുന്നതിലെ ആശങ്ക രണ്ട് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലുമായി പങ്കുവെച്ചിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും പ്രസിഡന്റാവുകയും ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ യു.എസുമായുള്ള ഇസ്രായേലിന്റെ നല്ല ബന്ധം തകർക്കാൻ അത്കാരണമാകുമോ എന്നതാണ് ആശങ്ക. പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര രാഷ്ട്രീയം തടസ്സമാണെന്നും ഉദ്യോഗസ്ഥരിലൊരാൾ ചൂണ്ടിക്കാട്ടി.
പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുമ്പ് ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് ജൂലൈയിലെ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ മുതൽ ട്രംപും നെതന്യാഹുവും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.
അതേ സമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ശേഷിക്കെ പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സർവേകൾ വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയിൽ ദേശീയതലത്തിൽ കമല ഹാരിസിന് നേരിയ മുൻതൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.
ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ട്രംപ് മുന്നിലാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പെൻസൽവേനിയയിൽ ഒരു പോയന്റിൽ താഴെയാണ് ട്രംപിന്റെ ലീഡ്. നോർത് കരോലൈനയിൽ ഒരു പോയന്റിന്റെയും ജോർജിയയിലും അരിസോണയിലും രണ്ട് പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്.
അതേസമയം, നെവാദ, വിസ്കോൺസൻ, മിഷിഗൻ എന്നിവിടങ്ങളിൽ കമലയുടെ ലീഡ് ഒരു പോയന്റിൽ താഴെയാണ്. പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചത്.