രാജ്യത്ത് മുകേഷ് അംബാനിയ്ക്ക് ശേഷം ഏറ്റവും വലിയ ധനികൻ ആരെന്ന് ചോദിച്ചാൽ ഒട്ടും സംശയം ഇല്ലാതെ ഏവരും പറയുന്ന പേരാണ് ഗൗതം അദാനിയുടേത്. ലോക സമ്പന്ന പട്ടികയിൽ മുൻനിരയിൽ ഉള്ള ഇദ്ദേഹം, നഷ്ടവും നേട്ടവുമെല്ലാം ഒരേ ത്രാസിൽ സ്ഥിരമായി അനുഭവിക്കുന്ന ഒരാളാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം അദാനിയുടെ വളർച്ചയിൽ അതിഗംഭീരമായ ഒരു ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നത്.
അദാനിയുടെ കമ്പനി 39000 കോടി രൂപയുടെ ലാഭമാണ് കൊയ്തത്. ഇതോടെ അദാനിയുടെ സാമ്രാജ്യം കുതിച്ചുപൊങ്ങി വരികയാണ്. മാത്രമല്ല,അദാനി ഗ്രൂപ്പിന്റെ മൂല്യം ഏകദേശം 15.5 ലക്ഷം കോടി രൂപ യുടെ മുകളിൽ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെ നേട്ടങ്ങളും കണക്കിലെടുത്താണ് ഇത്രയും ഉയർച്ച കൈവരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം, അദാനിയുടെ ആസ്തി 76.9 ബില്യൺ യുഎസ് ഡോളറാണ്. നിലവിൽ, ഫോർബ്‌സിൻ്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 21-ാം സ്ഥാനത്താണ് അദാനിയുള്ളത്. മുകേഷ് അംബാനിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് അദ്ദേഹം.
അദാനി ഗ്രൂപ്പ് ലിസ്റ്റുചെയ്ത 10 കമ്പനികളിൽ ഒൻപത് എണ്ണവും മൂന്ന് ദിവസത്തെ വ്യാപാരത്തിൽ കാര്യമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവയുടെ വിപണി മൂലധനത്തിലുണ്ടായ ഉയർച്ചയാണ് അദാനിയുടെ നേട്ടത്തിന്റെ പിന്നിലെ രഹസ്യമെന്ന് പറയാം.
ഫ്ലാഗ്ഷിപ്പ് അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ്, അദാനി പോർട്ട്സ് , അദാനി എനർജി സൊല്യൂഷൻസ് എന്നിവയാണ് കുതിച്ചുകയറിയ സ്ഥാപനങ്ങൾ. ഫ്ലാഗ്ഷിപ്പ് അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ് ഏറ്റവും കൂടുതൽ മൂല്യം നേടി ഏകദേശം 23,268 കോടി രൂപയുടെ വളർച്ചയാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. അദാനി പോർട്സ് ആൻഡ് സെസ് 9,440 കോടി രൂപയുടെ വളർച്ച കൈവരിച്ചു. അദാനി പവർ ലിമിറ്റഡ് മാത്രമാണ് വിപണി മൂലധനത്തിൽ ഇടിവ് നേരിട്ട ഏക സ്ഥാപനം.
ഇവയെ കൂടാതെ, ക്ലീൻ എനർജി കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, ചരക്ക് വ്യാപാരി അദാനി വിൽമർ ലിമിറ്റഡ്, മീഡിയ സ്ഥാപനമായ എൻഡിടിവി, സിമൻ്റ് കമ്പനികളായ എസിസി, അംബുജ സിമൻ്റ് എന്നിവയുടെ വിപണി മൂല്യവും ഉയർന്നു.