KeralaNewsPolitics

അപരന്മാർക്കായി നെട്ടോട്ടമോടി ബിജെപിയും സിപിഎമ്മും

തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ എതിർ സ്ഥാനാർത്ഥിയുടെ അപരൻമാരില്ലാതെ പറ്റില്ലെന്ന നിലയിലാണ് സിപിഎം എന്ന ഭരിക്കുന്ന പാർട്ടി. പാലക്കാട്ടും ചേലക്കരയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ അപരൻമാരെ രംഗത്തിറക്കിയതാണ് സിപിഎമ്മിന്റെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രം. ഭരിക്കുന്ന പാർട്ടിക്ക് നേട്ടം പറഞ്ഞോ മുഖ്യമന്ത്രിയുടെ മുഖം കാണിച്ചോ വോട്ട് പിടിക്കാനാകാത്ത ദയനീയമായ അവസ്ഥ. ചേലക്കരയിൽ സിഐടിയു പ്രവർത്തനെ രമ്യ ഹരിദാസിനെതിരെ അപരനായിട്ട് ഇറക്കിയിരിക്കുകയാണ് സിപിഎം. 28 വർഷമായി ഭരിക്കുന്ന മണ്ഡലത്തിൽ ഇങ്ങനൊരു രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്.

പാലക്കാട്ട്, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ എതിർ പാർട്ടികൾ തെല്ലൊന്നുമല്ല ഭയക്കുന്നത്. പാർട്ടി ചിഹ്നത്തിൽ പോലും മത്സരിക്കാനാകാത്ത അവസ്ഥയിലാണ് ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ട എന്നറിയിപ്പെട്ടിരുന്ന പാലക്കാട്. കോൺഗ്രസിൽ നിന്ന് പിണങ്ങിപ്പോയ ആളെ സ്ഥാനാർത്ഥിയാക്കിയതും സംഘടനാ ദൗർബല്യം തന്നെ. ബിജെപിയുടെ കാര്യമാണെങ്കിൽ നേതാക്കൾ തന്നെ പരസ്യമായി രണ്ട് തട്ടിൽ നിൽക്കുന്ന കാഴ്ച്ച. ഇതൊക്കെ കൊണ്ടുതന്നെ കോൺഗ്രസിന്റെ വോട്ട് കുറയ്ക്കാൻ അപരന്മാരുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് സിപിഎമ്മും ബിജെപിയും.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. രാഹുൽ ആർ മണലാഴി വീട്, രാഹുൽ ആർ വടക്കന്തറ എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകിയത്. ഇരുവരും ബിജെപി, സിപിഎം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, തനിക്കെതിര അപരൻമാരെ നിർത്തിയത് സി പി എം – ബി ജെ പി ഡീൽ ആണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചത്. കാരണം സി പി എമ്മിന്റേയും ബി ജെ പിയുടേയും സ്ഥാനാർത്ഥികൾക്ക് അപരൻമാരില്ല. തന്റെ പേരിൽ മാത്രമാണ് അപരൻമാരുള്ളത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഡീൽ ആണിതെന്നും രാഹുൽ വിമർശിച്ചു.

അതേസമയം, പാലക്കാട് 10 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. എന്തായാലും പാലക്കാട് ചിത്രം തെളിഞ്ഞതോടെ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ശക്തമായ പോരാട്ടത്തിനാണ് പാലക്കാട് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ച് പാലക്കാട് അഭിമാനപോരാട്ടമാണ്. മൂന്ന് തവണ തുടർച്ചയായി ഷാഫി വിജയിച്ച മണ്ഡലത്തിൽ വമ്പൻ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കുകയെന്നതാണ് യു ഡി എഫിന് മുന്നിലുള്ളത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 3800 ഓളം വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് വികെ ശ്രീകണ്ഠൻ നേടിയത് ഒൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇതാണ് യു ഡി എഫിന് നൽകുന്ന ആശ്വാസക്കണക്ക്. മറുവശത്ത് സി പി എമ്മും വാശിയേറിയ പോരാട്ടത്തിലാണ്. പി സരിനിലൂടെ മണ്ഡലം പിടിക്കുകയാണ് ലക്ഷ്യം. യു ഡി എഫ് വിട്ട് സരിൻ ഇടതുപാളയത്തിലെത്തിയത് തങ്ങളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് സി പി എം പറയുന്നത്. അതേസമയം, സി കൃഷ്ണകുമാറിലൂടെ മണ്ഡലത്തിൽ അട്ടിമറിയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x