തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹപ്പെട്ട ക്ഷാമബത്തയും അതിന്റെ കുടിശികയും നൽകാൻ നെട്ടോട്ടമോടുകയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രഖ്യാപിച്ച ക്ഷാമബത്തയിൽ കുടിശിക കൊടുത്തു തീർക്കാൻ വേണ്ടി മാത്രം 8278 കോടി കണ്ടെത്തണം എന്നതാണ് കെഎൻ ബാലഗോപലിനെ പ്രതിരോധത്തിലാക്കുന്നത്.
നിലവിൽ ധനവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള ബാധ്യത മാത്രമാണിത്. ഇതിനൊപ്പം ഏറ്റവുമൊടുവില്‍ കേന്ദ്രം വര്‍ധിപ്പിച്ചതുകൂടി കണക്കിലെടുത്താല്‍ 22 ശതമാനം ഡി.എ. ആണ് കുടിശ്ശികയായിരിക്കുന്നത്. ഇതില്‍ 3% അടുത്തിടെ അനുവദിച്ചു. ഇനി 19 ശതമാനം ശേഷിക്കുന്നു. ഇതില്‍ കേന്ദ്രം അവസാനം അനുവദിച്ച മൂന്നു ശതമാനത്തിന്റേതൊഴിച്ച് 16 ശതമാനംവരെ നല്‍കേണ്ടിവന്നാലുള്ള ബാധ്യത ധനവകുപ്പ് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ഏകദേശം 17,000 കോടിരൂപയാണ് ഇതിനു വേണ്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവംബര്‍ മുതല്‍ മൂന്നു ശതമാനം ഡി.എ. കൂടി അനുവദിച്ചെങ്കിലും അപ്പോഴും ഏപ്രിലിലും ഇപ്പോഴും അനുവദിച്ച ഡി.എ.യുടെ 39 മാസത്തെ കുടിശ്ശിക നല്‍കാനുണ്ട് എന്നത് സർക്കാർ ജീവനക്കാരിലും പെൻഷൻകാരിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. സാധാരണയായി കുടിശ്ശിക പി.എഫില്‍ ലയിപ്പിച്ച് നിശ്ചിത കാലത്തിനു ശേഷം പിന്‍വലിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. മുടങ്ങിയ ആനുകൂല്യങ്ങള്‍ തീര്‍ത്തും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതെങ്ങനെ നടപ്പിലാക്കും എന്നാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന ചോദ്യം.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 2% ഡി.എ. വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ 39 മാസത്തെ കുടിശ്ശിക നല്‍കണമെങ്കില്‍ വേണ്ടത് 3455.64 കോടിയാണ്. നവംബര്‍ മുതല്‍ 3% കൂട്ടി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ഈ വര്‍ധനയനുസരിച്ച് മാസം അധികം കണ്ടെത്തേണ്ടത് 138.6 കോടിരൂപ . ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) നല്‍കാന്‍ മാസംതോറും 81.3 കോടിരൂപയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (ഡി.ആര്‍.) നല്‍കാന്‍ 57.3 കോടിരൂപയും അധികം വേണം. 39 മാസത്തെ കുടിശ്ശിക നല്‍കാന്‍ വേണ്ടത് ഏകദേശം 4822.79 കോടിരൂപയാണ്. ഈ കുടിശ്ശിക ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്താണ് ജീവനക്കാരുടെ സംഘടനകള്‍.
അതേ സമയം ക്ഷാമബത്ത അനുവദിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക നിഷേധിക്കുന്നത് ഇത് രണ്ടാം തവണ. 2021 ജനുവരിയിൽ ലഭിക്കേണ്ട 2 ശതമാനം ക്ഷാമബത്ത 2024 ൽ ബാലഗോപാൽ പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക നിഷേധിച്ചിരുന്നു.കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2021 ജൂലൈ മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത ഉത്തരവിലും 39 മാസത്തെ കുടിശിക നിഷേധിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച 3 ശതമാനം ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ ഉത്തരവ് ഇറങ്ങിയപ്പോൾ കുടിശികയും ആവിയായി.
2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ചതും 39 മാസം കുടിശ്ശിക ഇല്ലാതാക്കിയതുമായ ഉത്തരവിന്റെ മാതൃകയിലാണ് പുതിയ ഉത്തരവും തയ്യാറാക്കിയിരിക്കുന്നതെന്നും ഈ ഉത്തരവിലൂടെ 01.07.2021 -ന് പ്രാബല്യത്തിൽ വരേണ്ട 3% ഡി എ ആണ് അനുവദിച്ചിട്ടുള്ളതെങ്കിൽ 40 മാസത്തെ കുടിശ്ശികയാണ് നിഷേഷിക്കപ്പെടുന്നത് തെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.