മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഇത്തവണ രണ്ട് കോടിയാണ് ആവശ്യം. രണ്ട് കോടി നൽകിയില്ലെങ്കിൽ നടന് ജീവനുണ്ടാകില്ലെന്നറിയിച്ച് മുബൈ ട്രാഫിക് പോലീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈയിലെ വർളി സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേ സമയം ഇതിന് മുമ്പ് ഇത്തരത്തിൽ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്തിരുന്നു. മുംബൈ നോയിഡ സ്വദേശിയായ മുഹമ്മദ് തയ്യബാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകൻ സിഷൻ സിദ്ദിഖിനും സൽമാൻ ഖാനും നേരെയാണ് യുവാവ് വധഭീഷണി സന്ദേശം അയച്ചത്.
പണം നൽകിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണി. സിഷാൻ സിദ്ദിഖിയുടെ ഓഫീസിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. എന്നാൽ, വധഭീഷണി സന്ദേശം അയച്ചത് ദുരുദ്ദേശത്തോടെയല്ലെന്നാണ് മുഹമ്മദ് തയ്യബിന്റെ കുടുംബം പറയുന്നത്.
തമാശയ്‌ക്കാണ് മകൻ ഇത് ചെയ്തതെന്നും വിഡ്ഢിത്തമായി പോയിയെന്നും മുഹമ്മദ് തയ്യബിന്റെ അമ്മ പ്രതികരിച്ചു. നേരത്തെയും സൽമാൻ ഖാന് നേരെ വധഭീഷണിയുണ്ടായിട്ടുണ്ട്. തുടരെ തുടരെ ഇത്തരത്തിൽ ഭീഷണി സന്ദേശമെത്തുന്നത് പോലീസിന് വലിയ തലവേദനയായി മാറുകയാണ്.