CrimeNews

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതിയായ അഡ്വ. ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.

പ്രതി ചെയ്ത കുറ്റം ഗൗരവമുള്ളതാണെന്നും ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തെങ്കിലും ഈ വാദങ്ങൾ കോടതി പരിഗണിച്ചില്ല.

സംഭവത്തിൽ പ്രകോപനമുണ്ടാക്കിയത് ജൂനിയർ അഭിഭാഷകയാണെന്നും ഓഫീസിനുള്ളിൽ നടന്ന നിസാര സംഭവം പെരുപ്പിച്ചു കാണിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. എന്ത് ഉപാധികളോടെയും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിൻ ദാസ് മർദ്ദിച്ചു എന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബെയ്‌ലിൻ ദാസിനെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് നിലവിൽ പൂജപ്പുര ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം.