ഡൽഹി : വയനാട് ദുരന്തബാധിതർക്കായുള്ള സഹായം നൽകാൻ സാവകാശമാവശ്യപ്പെട്ട് കേന്ദ്രം. രണ്ട് ആഴ്ച്ചക്കുള്ളിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മറുവശത്ത് പ്രതിദിനം ഒരു കുടുംബത്തിന് 300 രൂപ നൽകും എന്നും ആ പദ്ധതി കുറച്ച് കാലത്തേക്ക് നീട്ടുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
അതേ സമയം സഹായം വൈകുന്നതുമായി ബന്ധപ്പെട്ട് വയനാട് ദുരന്തബാധിതർ ഇപ്പോഴും സമരത്തിലാണ്. കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന് സംസ്ഥാനസർക്കാരും സഹായം നൽകാനുള്ള നടപടികൾ പുരോഗിക്കുകയാണ് എന്ന് കേന്ദ്ര സർക്കാരും പറയാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും നടപടി വൈകുന്നതിനാൽ തങ്ങൾക്ക് തീരാ ദുരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അവർ സമരത്തിനിറങ്ങിയത്.
ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം പ്രഖ്യപനം മാത്രമായി തുടർന്നു എന്നും തുക കിട്ടാൻ വൈകുമെന്നതുമെല്ലാം തങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു എന്നാണ് ദുരന്തബാധിതർ പറയുന്നത്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചതും ഇപ്പോൾ സമരത്തിനിറങ്ങുന്നതും.