സിപിഎം എന്തിനാണ് ഈശ്വരനാകുന്നത് ? ചോദിക്കുന്നത് മറ്റാരുമല്ല ജനശക്തി മാസിക എഡിറ്ററും പിണറായി വിജയൻ വിമർശകനുമായ ജി ശക്തിധരൻ. കേരളത്തിന്റെ ധർമ്മച്യുതിക്ക് പി പി ദിവ്യ മാത്രമാണോ ഉത്തരവാദിയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പൊതുജനങ്ങളൊന്നാകെ കെ നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിക്കുമ്പോൾ കണ്ണൂരിലെ സിപിഎമ്മിൽ ചർച്ച, എംവി രാഘവന്റെ മകനാണോ എംവി ഗോവിന്ദന്റെ ഭാര്യയ്ക്കാണോ തളിപ്പറമ്പിൽ സ്ഥാനാർഥിത്വം നൽകേണ്ടത് എന്നതിൽ ഉടൻ തീരുമാനം എടുക്കണം എന്നതിലായിരുന്നു !
എന്തുകൊണ്ട് ? നിർദിഷ്ട സ്ഥാനാർഥിക്കു കോടിക്കണക്കിന് രൂപ ചാനൽ നടത്തിപ്പിൽ കടമുണ്ട് ? അത് തീർക്കണമെങ്കിൽ സ്ഥാനാർഥിത്വം ലഭിക്കുമെന്ന വാർത്തകൾ വരണം. അങ്ങിനെയല്ലെങ്കിൽ ജനങ്ങളെ കബളിപ്പിച്ച അച്ചിയും ഭർത്താവും ജയിലിലാകും ? ഇതാണ് ഇപ്പോഴത്തെ സിപിഎം. – ജി ശക്തിധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഫേസ്പോസ്റ്റിന്റെ പൂർണ രൂപം –
പാർട്ടി എന്തിനാണ് ഈശ്വരനാകുന്നത് ? കേരളത്തിന്റെ ധർമ്മച്യുതിക്ക് പി പി ദിവ്യ മാത്രമാണോ ഉത്തരവാദി ? അല്ലേ അല്ല. ദിവ്യ ഒരു കരു മാത്രം. ഒരു പെൺ തരി വിചാരിച്ചാൽ മാത്രം ചെയ്തുകൂട്ടാവുന്നതാണോ കേരളം എരിതീ യിലെന്നോണം അനുഭവിക്കുന്ന പാതകങ്ങൾ ? കേരളത്തിന് നേർക്കുപിടിച്ച നിഴൽകണ്ണാടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് ഇന്നലെ കോടതിയിൽ തുറന്നടിച്ച വിധിപ്രസ്താവത്തിലെ ചാട്ടുളിപോലുള്ള വാക്കുകൾ. പക്ഷെ നമ്മുടെ സമൂഹം അതിനെ നിസ്സംഗമായാണ് നോക്കി കാണുന്നത് എന്നത് നിർഭാഗ്യകാര്യമാണ്. ഏത് ന്യായാധിപന്റെയും മനസ് ഈ നിസംഗത കാണുമ്പോൾ നൊമ്പരപ്പെടും.
കേരളത്തിലെ എത്ര എത്ര ജഡ്ജിമാർ ഇത്തരം അപചയങ്ങൾ എത്രയോവട്ടം കേരളത്തിന്റെ കോടതി മുറികളിൽ ചുരുൾ വർത്തിക്കാണിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച വിധികളുടെ കാഠിന്യം പോലും തിരുത്തിയിട്ടുണ്ട്. എന്നിട്ട് കേരളം പഠിച്ചൊ ? തിരുത്തിയോ ? ആ വഴിക്കുള്ള ഒരു ചെറിയ ചുവടെങ്കിലും വെച്ചോ ? ഇല്ല. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ഒരു പി പി ദിവ്യയും ഒരു അമ്മ യുടെയും ഭ്രൂണത്തിൽ ജന്മം കൊള്ളില്ലായിരുന്നു. കെ നവീൻ ബാബു വിനെ മുന്നിലിരുത്തി ഒരു യക്ഷി അർമാദിച്ചു കൊലച്ചിരി ചിരിച്ചു അട്ടഹസിക്കില്ലായിരുന്നു. തന്റെ ദൌത്യം പൂർത്തിയാക്കി ആടിയും ഉല്ലസിച്ചും ഒരു താടകയെപ്പോലെ അവൾ ഇറങ്ങിപ്പോകില്ലായിരുന്നു.
എത്ര വലിയ പാതകങ്ങൾക്ക് ജനങ്ങളെ ഇരയാക്കിയാലും അതെല്ലാം തേച്ച് വെളുപ്പിച്ച് ജനങ്ങളെ വശീകരിച്ചു കീശയിലാക്കാൻ നേതാക്കൾക്ക് അറിയാം. കണ്ണൂരിൽ ഈ കോലാഹലങ്ങൾക്ക് ഇടയിലും ജില്ലാ സെക്രട്ടയറ്റ് യോഗത്തിൽ ചൂടുപിടിച്ച ചർച്ച നടക്കുന്നത് എം വി രാഘവന്റെ മകനാണോ എം വി ഗോവിന്ദന്റെ ഭാര്യയ്ക്കാണോ തളിപ്പറമ്പിൽ സ്ഥാനാർഥിത്വം നൽകേണ്ടത് എന്നതിൽ ഉടൻ തീരുമാനം എടുക്കണം എന്നതിലായിരുന്നു ! എന്തുകൊണ്ട് ? നിർദിഷ്ട സ്ഥാനാർഥിക്കു കോടിക്കണക്കിന് രൂപ ചാനൽ നടത്തിപ്പിൽ കടമുണ്ട് ? അത് തീർക്കണമെങ്കിൽ സ്ഥാനാർഥിത്വം ലഭിക്കുമെന്ന വാർത്തകൾ വരണം. അങ്ങിനെയല്ലെങ്കിൽ ജനങ്ങളെ കബളിപ്പിച്ച അച്ചിയും ഭർത്താവും ജയിലിലാകും ? ഇതാണ് ഇപ്പോഴത്തെ സിപിഎം.
പെണ്ണുപിടിക്ക് രാഘവനെ അയാളുടെ പ്രതാപകാലത്ത് പിടിച്ചുകെട്ടിയ ഇ പി ജയരാജൻ തന്നെ ഈ പോക്കിരിയുടെ മകന് പാർട്ടിയെ വിൽക്കുന്നല്ലോ എന്ന് ഓർക്കുമ്പോളാണ് ഈ അപചയം പാതാളത്തോളമെത്തുന്നത്. ഇതേ ജയരാജന്റെ ജീവവനെടുക്കാനാണ് രാഘവൻ കൊലയാളികളെ അയച്ചത്. അതും ദില്ലിയിലെ കേരള ഹൌസിൽ ! അതും എന്റ്‌റെ കണ്മുമ്പിൽ. നിറതോക്കു തന്റെ നേർക്ക് ചൂണ്ടിച്ചവന്റെ മകനെ സ്ഥാനാർഥിയാക്കിക്കൊള്ളണമെന്ന് പാർട്ടി ജില്ലാ നേതൃത്വം കൽപ്പിച്ചാൽ പിന്നെ എന്തുചെയ്യുമെന്നാണ് ജയരാജൻ ചോദിക്കുന്നത്. എന്നോടാണ് ചോദിക്കുന്നതെങ്കിൽ കരണക്കുറ്റി നോക്കി നല്ലതൊന്ന് കൊടുത്തുകൂടെ എന്നാവും എന്റെ ഉത്തരം.
മുഖ്യമന്ത്രി നിസ്സഹായനായി ചർച്ചയിൽ പറഞ്ഞത് അത് ഡിസി തീരുമാനിച്ചു കഴിഞ്ഞതല്ലേ എന്നും ! അതോടെ ചർച്ച കഴിഞ്ഞു. എന്തൊരു പാർട്ടി ? സ്വന്തം ജീവനുനേരെ വന്ന വെടിയുണ്ട നോക്കി തൊഴണം എന്ന് പറഞ്ഞാൽ ജയരാജൻ അതും ചെയ്യും. കൂടുതൽ പറയുന്നില്ല. ജയരാജാ ഇത് കലികാലം തന്നെ. പക്ഷെ ഉണ്ട പൊട്ടുന്ന ശബ്ദം കേൾക്കുന്ന മാത്രയിൽ ഞാൻ കൃത്യം വിളിച്ചുപറയും. ഇപ്പോൾ പൊട്ടിയത് ഏത് ഉണ്ടയാണെന്ന്?
ഒന്നോർത്ത് നോക്കൂ, പിണറായി വിജയൻ എന്നൊരു രാഷ്ട്രീയനേതാവ് കേരള രാഷ്ട്രീയത്തിലേക്ക് ഇടിച്ചു കയറി വന്ന് പടുകൂറ്റൻ വ്യവസായികളുടെ പിൻബലത്തിൽ വി എസ് അച്യുതാനന്ദനിൽ നിന്ന് അധികാര കസേര കടപുഴക്കി പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ ടി പി ചന്ദ്രശേഖരൻ എന്ന ഉത്തമ കമ്മ്യൂണിസ്റ്റ് ഇന്നും ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ലേ ? പിണറായി വിജയന്റെ വർദ്ധക്യത്തിലെത്തിയ ഭാര്യ കമല ഔദ്യോഗിക വസതിയിലെ നീന്തൽക്കുളത്തിൽ നിന്ന് ഈറനണിഞ്ഞ് കയറി വരുമ്പോൾ ഇപ്പോൾ എത്ര എത്ര പരിചാരികകളാണ് ഈറൻ മാറ്റി ഭർത്തൃ സന്നിധിയിലേക്ക് ആനയിച്ചു സുഖിപ്പിക്കാൻ ക്യു നിൽക്കുന്നത് ?
എന്തുകൊണ്ടാണ് കെ കെ രമ ഈ പത്രാസോ പവിട്ടോ ഒന്നും ആഗ്രഹിക്കുന്നില്ലെങ്കിലും കുലീനയായ ഒരു വിധവയായി എങ്കിലും ശിഷ്ട കാലം ജീവിച്ചോട്ടെ എന്നും, ഏക മകനുമൊപ്പം ജീവിത നിർവൃത്തി അനുഭവിച്ചോട്ടെ എന്നും പാർട്ടി കരുതാത്തത് ? ഒരു ദുഷ്ടനു മാത്രമല്ലേ മറിച്ച് ചിന്തിക്കാനാകൂ ! എന്നിട്ടും അങ്ങിനെ ഒരു വേതാളത്തെ വാഴ്ത്തി മൃഷ്ഠാന്ന ഭോജനത്തിന് കുറേ ഇത്തിൾക്കണ്ണികളും !
ക്ലിഫ് ഹൌസിലെ രാജകൊട്ടാരത്തിൽ മുഖ്യമന്ത്രിയുടെ മകൾ ആലവട്ടവും വെഞ്ചാമരവും വീശി ചിന്താ ജെറോമിനെപ്പോലുള്ള തോഴികൾക്കൊപ്പം ഉലാത്തി അർമാദിക്കുമ്പോൾ, നവീൻ ബാബുവിന്റെ മക്കളായ നിരുപമയുടെയും നിരഞ്ജനയുടെയും കൺപോളകളിലെ നിലയ്ക്കാത്ത നനവ് ആരും കാണുന്നില്ലെന്നാണോ ? അതുകൊണ്ടാണോ ഈ മുഖ്യമന്ത്രിക്ക് ഒരു നൊക്കെങ്കിലും നേരിൽ കണ്ട് അവരെ ആശ്വസിപ്പിക്കണമെന്ന് തോന്നാത്തത് ? മുഖ്യമന്ത്രി എത്ര കഠിനഹൃദയനെങ്കിലും നാട്ടുനടപ്പ് അനുസരിച്ചെങ്കിലും സ്വന്തം മന്ത്രിസഭയിലെ ഭരണചക്രം തിരിക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് തിരോഭവിക്കുമ്പോൾ മുഖ്യമന്ത്രി കാരണം രണ്ടാഴ്ച ആ കുടുംബം കണ്ണീർ വാഴ്ത്തിട്ടും അവിടെയൊന്നു തിരിഞ്ഞു നോക്കണമെന്ന് തോന്നിയില്ലേടോ പിശാചേ ?
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് ഭാഷ്യം ചമയ്ക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ ഡി എഫ് കൺവീനറും യാഥാർഥത്തിൽ ആരോടൊപ്പമായിരുന്നു എന്നത് ഇന്നലെ, വാഹനത്തില് നിന്ന് ജയിലിലേക്ക് പാത്തും പതുങ്ങിയും ദിവ്യ കയറുന്ന ദൃശ്യം നിരീക്ഷിക്കുന്നവർക്ക് ബോധ്യമാകുമായിരുന്നു. കലാ ഹൃദയമുള്ള ആരെങ്കിലും പരിസരത്തുണ്ടായിരുന്നെങ്കിൽ നുണപറയാനുള്ള ഈ നേതാക്കളുടെ ഊറ്റം ബോധ്യപ്പെടുത്താൻ കാണ്ടാമൃഗത്തിന്റെ ഓരോ ചിത്രം അവർ ഏന്തിനില്ക്കുന്നത് ചിത്രീകരിക്കുമായിരുന്നു.
ഓരോ കമ്മ്യൂണിസ്റ്റ്കാരനും ചെയ്യുന്ന ഓരോ കൊലയും ഓരോ പാപമാണ്. അതാണ് സത്യം.യുദ്ധകാല കമ്മ്യൂണിസം നിലനിന്ന കാലത്ത് നിർബാധം കൊലകൾ നടന്നിട്ടുണ്ട് . സ്റ്റാലിൻ പത്തുലക്ഷം പേരെയെങ്കിലും കൊന്നിട്ടുണ്ടെന്നാണ് സി അച്യുതമേനോൻ തുറന്ന് എഴുതിയിട്ടുള്ളത്. അതിലും എത്രയോ ഇരട്ടി പേരെയാണത്രെ സൈബീരിയായിലേക്ക് കൊണ്ട് തള്ളിയത്. പക്ഷെ ഇത് ജനാധിപത്യയുഗമാണ്. അത് മറക്കണ്ട.
ഒന്നോർത്ത് നോക്കൂ കെ കെ രമ അനുഭവിക്കുന്ന വ്യഥ പോരേ ലക്ഷക്കണക്കിന് അമ്മമാരുടെ മനസ് ആർദ്രമാക്കാൻ. വിക്കിപീഡിയയിൽ ലോകമെമ്പാടുമുള്ള ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ പ്രഥമ രാഷ്ട്രീയ കൊലയിലെ പ്രതിപട്ടികയിലുള്ളയാളാണ് പിണറായി വിജയൻ എന്നാണ്. ഒന്ന് ചോദിച്ചോട്ടെ ആ കൊലകളിൽ ഏതിലെങ്കിലും അടഞ്ഞ കണ്ണിൽ ഒരെണ്ണമെങ്കിലും തുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ ?
ഇപ്പോളിതാ അദ്ദേഹത്തിൽ അർപ്പിതമായിരുന്ന ഉത്തരവാദിത്വം നിറവേറ്റപ്പെടാത്തത് കൊണ്ട് മാത്രമല്ലേ നവീൻ ബാബുവിന്റെ രണ്ട് പെൺ മക്കൾ നിരുപമയും നിരഞ്ജനയും ഈ ചെറിയ പ്രായത്തിൽ കാണാമറയത്ത് ആക്കിയത്. അച്ഛനെ ഒരു നോക്കു എങ്കിലും കാണിച്ചു താ എന്ന് കേഴുമ്പോൾ മഞ്ജുള എന്ത് ഉത്തരം കൊടുക്കും ? നിരാലംബരായ ആ കുഞ്ഞുങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു ദുഖം ഘനീഭവിച്ച് കിടക്കുന്ന ആ രംഗം മുഖ്യമന്ത്രിയുടേ മനസിനെ എന്തുകൊണ്ട് ഉലയ്ക്കുന്നില്ല. പാർട്ടിയുടെ ശക്തി മുഴുവൻ ദിവ്യയെ ന്യായീകരിക്കാൻ വഴിതിരിച്ചു വിട്ടിട്ടും ഞങ്ങൾ മഞ്ജുളയ്‌ക്കൊപ്പമാണെന്ന് അവകാശപ്പടുന്നതിലെ കാപട്യം കബളിപ്പിക്കലല്ലേ ? ആ കുടുംബത്തിന് എന്തെങ്കിലും സഹായം പാർട്ടി ചെയ്‌തോ ?
പൊതുജനാഭിപ്രായം കൊണ്ട് കീഴടക്കാവുന്ന പാർട്ടിയല്ല സിപിഎം. അങ്ങിനെയെങ്കിൽ നന്ദിഗ്രാമും സിംഗൂരും ഉണ്ടാകില്ലായിരുന്നു. എവിടെയും പാർട്ടി സ്‌നേഹിക്കുന്നത് ‘വിശുദ്ധ’രെയല്ല. അഴിമതിയുടെ ദൂർഭൂതങ്ങളെയാണ്. നവീൻ ബാബുവിനെയല്ല, ദിവ്യയെയാണ്. ഇതാണ് സമകാലീന പാർട്ടി. അഴിമതിയുടെ ഹെഡ് ക്വാർട്ടേഴ്‌സിലാണ് പിണറായി വിജയൻ ഇരിക്കുന്നത് . അദ്ദേഹം തീരുമാനിക്കും ആരാണ് ”വിശുദ്ധൻ” ആരാണ് ”കളങ്കിതൻ” എന്ന് .
അതുകൊണ്ടാണ് മാവോ പറഞ്ഞത്, തകർക്കേണ്ടത് പാർട്ടി ആസ്ഥാനമാണെന്ന് ? എന്താണ് ഇപ്പോൾ കണ്ണൂരിന്റെ യശസ് ? എന്തായിരുന്നു കണ്ണൂർ ? വൈക്കത്തെ ഇണ്ടൻ തുരുത്തി നമ്പ്യാതിരിയുടെ ഇല്ലമാണ് ഇപ്പോൾ എ കെജി സെന്റ്‌റര്. ആ ഇല്ലം ഇപ്പോൾ ശീർഷാസനത്തിലാണ് അവിടെ ആഡ്യന്മാർക്കു മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കൾ കമ്യൂണിസ്റ്റ് ആയിപ്പോയതിന്റെ കർമ്മഫലം അനുഭവിക്കുകയെ നിരുപമയ്ക്കും നിരഞ്ജനയ്ക്കും വഴിയുള്ളൂ.
ഇണ്ടൻ തുരുത്തിനമ്പ്യാതിരിയുടെ കണക്കിൽ പാപിയാണ് നവീൻ ബാബു.എന്തെന്നാൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയിരുന്നു. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടുള്ള ശിക്ഷ അനുഭവിക്കുന്നതും അദ്ദേഹം തന്നെ. ഇത് വിരോധാഭാസം അല്ലേ ? അതിന് ഗാന്ധിജി നല്കിയ മറുപടി ഇപ്രകാരമായിരുന്നു. ‘ ശരിയാണ് ഈശ്വരൻ, അവരെ ശിക്ഷിച്ചോട്ടെ, എന്നാൽ നമ്മൾ മനുഷ്യർ എന്തിനാണ് ഈശ്വരന്റെ സ്ഥാനം കയ്യടക്കി, ആ ശിക്ഷ വർദ്ധിപ്പിക്കുന്നത് ? ” അതുതന്നെയാണ് പാർട്ടിയോടും ചോദിക്കാനുള്ളത് ? ജനങ്ങൾ ശിക്ഷിച്ചോട്ടെ. ഈശ്വരന്റെ സ്ഥാനം കയ്യടക്കി എന്തിനാണ് ആ ശിക്ഷ പാർട്ടി വർദ്ധിപ്പിക്കുന്നത് ?’