വെലെന്‍സിയ: സ്പെയിനിലെ കിഴക്കന്‍ വലന്‍സിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 51 പേര്‍ മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ച്ചയിലധികമായി സ്പെയിനില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. വലന്‍സിയയിലും തെക്കന്‍ അന്‍ഡലൂസിയ മേഖലയിലും ഇത് ഭീകരമായ വെള്ളപ്പൊക്കത്തിന് കാരണമായി. പലരെയും കാണാതായിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും സുരക്ഷ അതോറിറ്റി അറിയിച്ചു.
മരണപ്പെട്ടവരുടെ ഏകദേശ കണക്കാണ് 51 എന്നും ഇനിയും മരണസംഖ്യ ഉയരുമെന്നും റീജിയണല്‍ ചീഫ് കാര്‍ലോസ് മാസോണ്‍ പറഞ്ഞു. വൈദ്യുതി ഇല്ലാത്തതും റോഡുകല്‍ തകരാറിലായതും ആഘാതം വര്‍ധിപ്പിച്ചിരിക്കുകയാണ്. വീടുകളെല്ലാം ചെളി നിറഞ്ഞിരിക്കുകയാണ്. അയല്‍രാജ്യമായ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ സ്‌പെയിനിന് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.