
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ ജാമ്യ ഹർജിയുടെ വാദം ഉടൻ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറയുക. വിധിയിൽ ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കാനാണ് സാധ്യത. എഡിഎമ്മിന്റെ മരണത്തിന് ശേഷം പിപി ദിവ്യ ഇതുവരെ ഒളിവിലായിരുന്നു എന്നതൊക്കെ പരിഗണിച്ചാണ് അറസ്റ്റിനായി പോലീസ് കോടതിയിൽ സജ്ജമായിരിക്കുന്നത്.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. കഴിഞ്ഞ ദിവസം ഹർജിയിൽ മണിക്കൂറുകളോളം നീണ്ട വാദം അരങ്ങേറി.
അതിനിടെ നാളെ സിപിഎം ജില്ലാ നേതൃ യോഗങ്ങൾ ചേരുന്നുണ്ട്. ദിവ്യക്കെതിരായ സംഘടനാ നടപടി യോഗത്തിൽ ചർച്ചയാകും. നിലവിൽ അവരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റിയെങ്കിലും മറ്റ് നടപടികൾ എടുത്തിട്ടില്ല.