തിരുവനന്തപുരം: നിത്യ ചെലവുകൾക്കും, പെൻഷൻ, ശമ്പളം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വീണ്ടും കടമെടുത്ത് കടമെടുത്ത് സർക്കാർ. റിസേർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേർ പോർട്ടറിലൂടെ 1500 കോടി രൂപയാണ് സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്.
ഇതോടെ 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ മൊത്തം കടം 26,998 കോടി രൂപയായി മാറും. നേരത്തെ ഒക്ടോബർ ഒന്നിന് 1,245 കോടി രൂപ സംസഥാന സർക്കാർ കടമെടുത്തിരുന്നു.
മൊത്തം 37,512 കോടിയാണ് ഈ സാമ്പത്തിക വർഷം കടമെടുക്കാൻ സാധിക്കുന്നത്. ഇതിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 21, 253 കോടി രൂപ കടമെടുക്കാമെന്നും ബാക്കിവരുന്ന തുക 2025 ജനുവരി- മാർച്ച് മാസകാലയളവിൽ എടുക്കാമെന്നുമാണ് കേന്ദ്രം സർക്കാരിന് നിർദേശം നൽകിയിരുന്നത്. പക്ഷേ ഉത്സവകാലം ഉൾപ്പെടെയുള്ള ചെലവുകൾക്ക് വേണ്ടി കൂടുതൽ കടം നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നടപ്പുവർഷത്തെ സംസ്ഥാനത്തിന്റെ മൊത്തം കടപരിധി 37,512 രൂപയായി കണക്കാക്കുകയാണെങ്കിൽ നവംബർ മുതൽ മാർച്ചുവരെ, അതായത്, 5 മാസ കാലയളവിൽ ഉണ്ടാകുക വെറും 10,514 കോടി രൂപ മാത്രമായിരിക്കും. വരുമാനവും ചെലവും കൂടെ കൂട്ടിമുട്ടിക്കുമ്പോൾ സംസ്ഥാന സർക്കാരിന് പ്രതിമാസം ഏകദേശം 3,000 കോടി രൂപ കൂടുതലായി വേണം. അങ്ങനെയിരിക്കെയാണ് വരാനിരിക്കുന്ന 5 മാസ കാലയളവിലേക്കായി 10,514 കോടി രൂപയുടെ കടപരിധി മാത്രം അവശേഷിക്കുന്നത്. അതായത്, ഓരോ മാസത്തേക്കും ശരാശരി 2,102.8 കോടി രൂപ മാത്രം.
അതേസമയം, ചെലവുകൾ നടത്താനും ശമ്പളം പെൻഷൻ പോലുള്ള കാര്യങ്ങൾക്ക് ഉൾപ്പെടെയുള്ളതിന് സർക്കാർ നിരന്തരം കടമെടുക്കുന്ന പ്രവണത നിർത്തണമെന്ന് കടമെടുപ്പിനെ ആശ്രയിക്കുന്ന പ്രവണത നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു. കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്നതിന്റെ അടിസ്ഥാനത്തിലാണിത്. വരുമാന ഇനത്തിൽ സർക്കാർ 27,902.45 കോടി രൂപ പിരിച്ചെടുക്കാനുണ്ടെങ്കിലും ശരിയായ രീതിയിൽ പ്രവർത്തങ്ങളൊന്നും നടക്കുന്നില്ലെന്നും അതിന് വേണ്ട നടപടികൾ സർക്കാർ എടുക്കുന്നില്ലെന്നും സിഎജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, നാളെ ഇ-കുബേറിലൂടെ കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾ ജോയിന്റായി 25,050 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് 3,000 കോടി രൂപ, ബിഹാർ 2,000 കോടി രൂപ, ഛത്തീസ്ഗഡ് 1,000 കോടി രൂപ, കർണാടക 4,000 കോടി രൂപ, മണിപ്പുർ 200 കോടി രൂപ, പഞ്ചാബ് 850 കോടി രൂപ എന്നിങ്ങനെ കടമെടുക്കും. 5,000 കോടി രൂപയാണ് രാജസ്ഥാന്റെ ലക്ഷ്യം. തമിഴ്നാടിന്റേത് 6,000 കോടി രൂപ. തെലങ്കാന 1,500 കോടി രൂപ.