കൊച്ചി : കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ കുറ്റം റദ്ദാക്കി സർക്കാർ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ എട്ട് പേർ മരണപ്പെടുകയും ചെയ്തിരുന്നു. കേസിലെ പ്രതിയായ ഡൊമിനിക്ക് മാര്‍ട്ടിനെതിരെ പോലീസ് യു.എ.പി.എ കുറ്റം ചുമത്തിയിരുന്നു. ഇതാണ് ഇപ്പോൾ കേരള സര്‍ക്കാരും യു.എ.പി.എ സമിതിയും പിന്‍വലിച്ചിരിക്കുന്നത്. എന്നാൽ കൊലപാതകം, സ്‌ഫോടക വസ്തു നിയമം എന്നീ വകുപ്പുകളില്‍ വിചാരണ തുടരുന്നതായിരിക്കും.
അതേസമയം, സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അൻപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2500ല്‍ അധികംപേർ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു. മലയാറ്റൂര്‍ സ്വദേശി റീന, മകള്‍ ലിബ്‌ന, മകന്‍ പ്രവീണ്‍, പെരുമ്പാവൂര്‍ ലിയോണ പൗലോസ്, ഗണപതിപ്ലാക്കലില്‍ മോളി ജോയി, വണ്ണപ്പുറം സ്വദേശി കുമാരി, കുളങ്ങരതൊട്ടിയില്‍ ലില്ലി ജോണ്‍, ഭര്‍ത്താവ് ജോണ്‍ എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
സംഭവ ദിവസം തന്നെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങി. യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പോലീസിന് പ്രതി നൽകിയ മൊഴി. സ്‌ഫോടനം നടത്താന്‍ വേണ്ടി മാർട്ടിൻ നിർമ്മിച്ച രണ്ട് ഐ.ഇ.ഡി ബോംബുകളും പൊട്ടിത്തെറിക്കുകയായിരുന്നു.