നാടിനെ നടുക്കിയ ദുരഭിമാനക്കൊല ; വിധി തൃപ്തികരമല്ലെന്ന് ഹരിതയും അനീഷിന്റെ കുടുംബവും

പാലക്കാട് : നാടിനെ നടുക്കിയ ദുരഭിമാനക്കൊലപാതകം. തേങ്കുറിശ്ശി ദുരഭിമാനക്കേസിൽ വിധി തൃപ്തികരമല്ലെന്ന് ഹരിതയും അനീഷിന്റെ കുടുംബവും. പ്രതീക്ഷിച്ച വിധിയല്ല പ്രതികൾക്ക് ലഭിച്ചതെന്ന് ഹരിത പറഞ്ഞു. ഇരട്ട ജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചത്,തെറ്റ് ചെയ്തത് അച്ഛൻ ആണെങ്കിലും കേസിൽ നിന്ന് പിറകോട്ടില്ലെന്ന് ഹരിത പറഞ്ഞു. ഇപ്പഴും തനിക്കെതിരെയും തന്റെ ഭർത്താവിന്റെ കുടുംബത്തിനെതിരെയും ഭീഷണിയുണ്ടെന്നും തനിക്ക് പേടിയാണെന്നും നിറകണ്ണോട് ഹരിത മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചു. സർക്കാർ അപ്പീലിലേക്കാണ് അടുത്ത നടപടിയെന്നും അവർ പറഞ്ഞു.

2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു കൊലപാതകം.

ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്. കോയമ്പത്തൂരിൽനിന്ന് വിവാഹാലോചന വന്നതിന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടർന്ന് പിതാവ് പ്രഭുകുമാർ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി.

ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിച്ചു. സ്റ്റേഷനിൽ നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാർ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിൻറെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം നടന്ന് 75ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments