കോഴിക്കോടും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിവന്നിരുന്ന രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ, പശ്ചിമ ബംഗാൾ സ്വദേശിനി സൽമ കാടൂൺ എന്നിവരാണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്.
100 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ നിന്നാണ് ഇവരെ പിടികൂടി ലഹരി മരുന്ന് പിടിച്ചെടുത്തത്. കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
പയ്യാമ്പലത്തെ ഫ്‌ളാറ്റിൽ ദമ്പതിമാെരന്ന വ്യാജേന താമസിച്ചാണ് മുഹമ്മദ് അമീറും സൽമ കാടൂണും എംഡിഎംഎ വിൽപ്പന നടത്തിവന്നിരുന്നത്. ഇവരെക്കുറിച്ച് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ ബംഗളൂരു കോഴിക്കോട് യാത്രകൾ. എന്നാൽ കഴിഞ്ഞ ദിവസം ഇവർ എംഡിഎംഎയുമായി വരുന്ന വഴിക്ക് മൊബൈൽ ഫോൺ ഓണാക്കിയതാണ് പോലീസിന് സഹായകരമായത്. ഇവരുടെ ബാഗിൽനിന്നാണ് എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.