
മാധബിക്കും അദാനിക്കുമെതിരെ രാഹുൽഗാന്ധിയുടെ യുദ്ധ പ്രഖ്യാപനം
സെബി മേധാവി മാധബി പുരി ബുച്ചിനെയും അവരെ സംരക്ഷിക്കുന്ന സിൻഡിക്കേറ്റിനെയും തുറന്നുകാട്ടാൻ രാഹുൽഗാന്ധിയും കോൺഗ്രസും രംഗത്ത്. മാധബി ബുച്ചിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ പാർലമെന്ററി പാനലിന് മുന്നിൽ ഹാജരാകുന്നതിൽ നിന്ന് അവരെ തടയുന്നത് എന്തൊക്കെയെന്നാണ് കോൺഗ്രസിന്റെ ചോദ്യം.
രാജ്യത്ത് സ്‌റ്റോക്ക് മാർക്കറ്റിലെ കോടിക്കണക്കിന് നിക്ഷേപകർക്കുള്ള മുന്നറിയിപ്പ് എന്ന രീതിയിൽ വിശദമായ വീഡിയോ പുറത്തിറക്കിയാണ് കോൺഗ്രസ്, അദാനിയെയും മാധബി ബുച്ചിനെയും മുൾമുനയിൽ നിർത്തുന്നത്.
മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാനാണ് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പിഎസി) മാധബിയെയും നാല് ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചത്. എന്നാൽ, ഇവർ പിഎസിക്ക് മുന്നിൽ ഹാജരായില്ല. ഇതോടെയാണ് ഇവർക്ക് ആരാണ് സംരക്ഷണം ഒരുക്കുന്നതെന്ന വലിയ ചോദ്യം ജനങ്ങൾക്ക് മുന്നിലേക്ക് കോൺഗ്രസ് ഉയർത്തുന്നത്.
ബിജെപി ഭരണത്തിന്റെ കീഴിൽ സെബിയുടെ വിശ്വാസ്യത തകർക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ് ‘ബുച്ച് ബച്ചാവോ സിൻഡിക്കേറ്റ്’ എന്ന പേരിൽ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
‘സെബിയുടെ സ്വാതന്ത്ര്യത്തിന്റെയും അധികാരങ്ങളുടെയും അപചയത്തെക്കുറിച്ച് കോൺഗ്രസ് നിരന്തരം ആശങ്ക പ്രകടിപ്പിച്ചു. വാർത്താ സമ്മേളനങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും അവരുടെ കുടുംബവും ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നിലധികം സംഭവങ്ങൾ ഞങ്ങൾ തുറന്നുകാട്ടി.
സുതാര്യവും നീതിയുക്തവുമായ സാമ്പത്തിക അന്തരീക്ഷം ഉയർത്തിപ്പിടിക്കാൻ സെബിയെ ആശ്രയിക്കുന്ന ഇന്ത്യയിലെ രജിസ്റ്റർ ചെയ്ത 11.5 കോടി നിക്ഷേപകരുടെ വിശ്വാസം ഈ സർക്കാർ കളഞ്ഞുകുളിച്ചു. അവരുടെ ജീവിത സമ്പാദ്യവും അഭിലാഷങ്ങളും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനത്തെത്തന്നെ ചിലർക്കുവേണ്ടി വിട്ടുവീഴ്ച്ച ചെയ്തുവെന്നും കോൺഗ്രസ് മാധ്യമ വക്താവ് പവൻ ഖേര വീഡിയോയിൽ പറയുന്നു.
മൂന്ന് ചോദ്യങ്ങളാണ് മാധബിയോടും സെബിയോടും കോൺഗ്രസ് ചോദിക്കുന്നത്.
‘പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാധബി ബുച്ച് മടിക്കുന്നത് എന്തുകൊണ്ട്?
പിഎസിക്ക് ഉത്തരം നൽകുന്നതിൽ നിന്ന് മാധബിയെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് പിന്നിൽ ആരാണ്?
മോദിജിയുടെ പ്രിയ സുഹൃത്ത് അദാനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാൻ ആസൂത്രിതമായ നീക്കം നടത്തി നിക്ഷേപകരെ കബളിപ്പിക്കുകയാണോ? ഇവയൊക്കെയാണ് ചോദ്യങ്ങൾ.
സ്‌റ്റോക്ക് മാർക്കറ്റ് രംഗത്തെ നിക്ഷേപകരോട് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ പുതിയ മാർഗ്ഗങ്ങൾ തേടാനും പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പവൻ ഖേരയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ വമ്പൻ കോടീശ്വരൻ ഗൗതം അദാനിയെ തുറന്നുകാട്ടാൻ രാഹുൽഗാന്ധി രംഗത്തിറങ്ങുകയാണ്.
മുമ്പ് അദാനിക്കെതിരെ ആക്ഷേപങ്ങൾ പാർലമെന്റിൽ ഉന്നയിച്ചതിന്റെ പേരിൽ നിരവധി തിരിച്ചടികളാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഹുൽഗാന്ധിക്ക് നൽകിയത്. ഒരുഘട്ടത്തിൽ പാർലമെന്റ് അംഗത്വത്തിന് തന്നെ ബിജെപി വെല്ലുവിളി ഉയർത്തി. എന്നാൽ, വീണ്ടും അദാനിക്കെതിരെ രാഹുലിന്റെയും കോൺഗ്രസിന്റെയും യുദ്ധ പ്രഖ്യാപനം വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയ – വ്യാപാര മേഖലകളിൽ കനത്ത വാക്‌പോരിന് തന്നെ വഴിവെക്കുമെന്ന് ഉറപ്പാണ്.