തിരുവനന്തപുരം : പിണറായി കാലത്ത് സ്വയം ജീവനൊടുക്കിയത് 137 പോലിസ് ഉദ്യോഗസ്ഥർ. മാതൃകാപരമായ ഭരണമാണ് പിണറായിക്കാലത്ത് ഉണ്ടാകുന്നതെന്ന് സഖാക്കൾ ആവർത്തിക്കുമ്പോഴും ഔദ്യോഗിക കണക്കുകൾ സഖാക്കളുടെ വാക്കുകളെ ഒന്നുമല്ലാതാക്കുകയാണ്. 137 പോലിസ് ഉദ്യോഗസ്ഥരാണ് പിണറായി കാലത്ത് മാത്രം ജീവനൊടുക്കിയത്. 2016 മുതൽ നാളിതുവരെ സർവീസിൽ ഇരിക്കെ 137 പോലിസ് ഉദ്യോഗസ്ഥർ സ്വയം ജീവനൊടുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി.
ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാനള്ള കാരണം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറയില്ല. മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ സ്വകാര്യത കൂടി ഉൾപ്പെടുന്നവയാകയാൽ വിവരങ്ങൾ കൈമാറുന്നത് ഉചിതമായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇവരുടെ ആശ്രിതർക്ക് സർവീസ് കാലം പരിഗണിച്ച് ഗ്രാറ്റുവിറ്റിയും പെൻഷനും, പെൻഷനോടൊപ്പമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കൂടാതെ ആശ്രിത നിയമന പദ്ധതി പ്രകാരം, സർക്കാർ ജോലി നിയമ പ്രകാരമുള്ള ആശ്രിതർക്ക് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മേൽ ഉദ്യോഗസ്ഥരുടെ പീഢനവും ജോലി സമ്മർദ്ദവും കാരണം പോലിസുകാർ സ്വയം ജീവനൊടുക്കിയ നിരവധി സംഭവങ്ങൾ ഇക്കാലയളവിൽ റിപോർട്ട് ചെയ്തിട്ടുണ്ട്. സത്യസന്ധമായി ജോലി ചെയ്യാൻ തയ്യാറാകുന്ന പല സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കൾ ചെലുത്തുന്ന ജോലി സമ്മർദ്ദം കൊണ്ട്, ചെയ്യുന്ന ജോലി മടുക്കുന്ന അവസ്ഥയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ എഡിഎം നവീൻ ബാബുവിന്റെ മരണം.
തന്റെ മേലുദ്യോഗസ്ഥൻ പോലുമല്ലാതിരുന്നിട്ടും പിപി ദിവ്യയുടെ അധികാര ധാർഷ്ട്യം കൊണ്ട് ജീവനൊടുക്കേണ്ടി വന്നതാണ് എഡിഎം നവീൻ ബാബുവിന്. അതും സർക്കാർ ഉദ്യോഗസ്ഥനാടയുള്ള ജീവിതം തീരാൻ കേവലം ഏഴോളം മാസം മാത്രം ബാക്കി നിൽക്കുമ്പോൾ. എന്നിട്ട് ഇവിടെ എന്തുണ്ടായി? കുറ്റക്കാർ ഇപ്പോൾ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഇത് ഏറ്റവും അടുത്ത ഉദാഹരണം മാത്രമാണ്. ഇനിയുമുണ്ട് ഉദാഹരണങ്ങളേറെ.
കഴിഞ്ഞ ദിവസം നിയസഭയിൽ കോൺഗ്രസ് ജന പ്രതിനിധികളെ ആക്രമിച്ചതിന് നടപടിയെടുക്കാതെ അവകാശലംഘന നോട്ടിസ് തള്ളി സ്പീക്കർ നടപടി നാം കണ്ടതാണ്. നവകേരള സദസ്സിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ സംഘടനകളെ കായികമായി നേരിട്ടതിൽ പ്രതിഷേധിച്ച് കെപിസിസി സംഘടിപ്പിച്ച മാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ നൽകിയ അവകാശ ലംഘന നോട്ടീസാണ് സ്പീക്കർ എ.എൻ. ഷംസീർ തള്ളിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂർത്തും കെടുകാര്യസ്ഥതയും കണ്ട് സഹിക്കവയ്യാതെ ഇന്ത്യൻ പൗരന്മാരായ ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധത്തിനിരങ്ങി. എന്നാൽ കറുപ്പ് കണ്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനിറങ്ങിയ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലി ചതച്ചു. ഒരിക്കലും ദഹിക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി അതിനെകുറിച്ച് പറഞ്ഞത്.
ഗൺമാൻ ചെയ്തത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനമെന്ന്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്പീക്കറും ഈ വിഷത്തിലുള്ള നടപടിയെ കുറിച്ച് പരാമർശിക്കുന്നത്. അതായത് ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ ഇഷ്ടമായില്ലെങ്കിലും തെറ്റെങ്കിലും പ്രതിഷേധിക്കാൻ ഒരു ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നിരിക്കെ അതൊന്നും കണക്കിലെടുക്കാതെ ഭരണാധികാരികൾക്ക് വേണ്ടി ഗുണ്ട പ്രവർത്തനമെന്ന് തോന്നുന്ന തരത്തിൽ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടതില്ല എന്ന്. ഇത് തന്നെയാണ് ഇവിടുത്തെ പ്രശ്നം.
നേതാക്കന്മാർക്ക് വേണ്ടി നിയമത്തെ പോലും വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ച് ഗൺമാനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥർ മാതൃകാ പ്രവർത്തകരായി മാറുന്നു. നേതാക്കന്മാരുടെ താൽപര്യത്തിനും നിയമ ലംഘനങ്ങൾക്കും കൂട്ട് നിൽക്കാതെ നേരായ ദിശയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അവരോട് പുച്ഛം. ഇത്തരത്തിലുള്ള സാഹചര്യം തന്നെയാണ് പല ഉദ്യോഗസ്ഥരേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്.