ന്യുഡൽഹി: പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയർത്തി. 2024-2025ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമൻ മുദ്ര വായ്പാ പരിധി വർധനവ് പ്രഖ്യാപിച്ചിരുന്നു.
മുദ്ര ലോൺ പദ്ധതിയുടെ മൊത്തത്തിലുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ വർധനവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ സർക്കാരിൻ്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം. സംരംഭകർക്ക് അവരുടെ വളർച്ചയും വികാസവും സുഗമമാക്കുന്നതിന് ഈ മെച്ചപ്പെടുത്തൽ പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, തരുൺ പ്ലസ് വിഭാഗത്തിൽ 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കുള്ളതാണ് ഇത് . കൂടാതെ തരുൺ കാറ്റഗറിയിൽ മുമ്പ് വായ്പയെടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകർക്ക് ഇത് ലഭ്യമാകും. ചെറുകിട സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ട് വന്ന പദ്ധതിയാണ് മുദ്ര ലോണ്‍.
20 ലക്ഷം രൂപ വരെയുള്ള പിഎംഎംവൈ വായ്പകളുടെ ഗ്യാരൻ്റി കവറേജ് മൈക്രോ യൂണിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരൻ്റി ഫണ്ടിന് കീഴിൽ നൽകും. കോര്‍പറേറ്റ് ഇതര ചെറുകിട സംരഭങ്ങള്‍, മൈക്രോ എന്റര്‍പ്രൈസുകള്‍, ഉത്പാദനം, വ്യാപാരം, കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് വായ്പ ലഭ്യമാകുക