
തിരുവനന്തപുരം : കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ തോമസിനെതിരെ സിപിഎം നടപടി കടുപ്പിക്കുന്നു. പാർട്ടിയുമായുള്ള തുടർ സഹകരണം എത്രത്തോളം, എങ്ങനെയെന്നതെല്ലാം ഇനി ഒന്നുകൂടി ആഴത്തിൽ ചിന്തിക്കേണ്ടതുണ്ടെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ തോമസ് കെ തോമസിനെതിരായ ആരോപണം ചര്‍ച്ചയായേക്കും എന്നാണ് വിവരം.
കൂറുമാറ്റ കോഴ വിവാദം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെയാണ് തോമസ് കെ തോമസുമായി തുടര്‍ന്നുള്ള സഹകരണം ഏതുതരത്തിൽ വേണമെന്നത് സംബന്ധിച്ച് സിപിഎം ഗൗരവമായി ആലോചിക്കുന്നത്. സംഭവത്തിന് പിന്നാലെ കോഴ ആരോപണം നിഷേധിച്ച് കത്ത് നൽകിയിട്ടും മുഖവിലക്ക് എടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ എൻസിപിക്കും അതൃപ്തിയുണ്ട് .
എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം തുടർ നടപടികൾക്ക് ഒരുങ്ങുകയാണ് തോമസ് കെ തോമസ് വിഭാഗം. മന്ത്രി മാറ്റം വേണമെന്ന തോമസ് കെ തോമസ് വിഭാഗത്തിന്‍റെ മുറവിളി അടഞ്ഞ അധ്യായം ആയെന്ന വിലയിരുത്തുന്ന എകെ ശശീന്ദനും അനുകൂലികളും ഇതൊരു അവസരമായി എടുക്കുകയാണ്.