മസ്കത്ത് : എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ–അഫ്ഗാനിസ്ഥാൻ രണ്ടാം സെമി ഫൈനലിന്റെ ദിനം വിവാദങ്ങൾ ഉയരുന്നു. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് വിവാദം എത്തിയത്. മത്സരത്തിൽ ഇന്ത്യയ്‌ക്ക് ലഭിച്ച ആദ്യ വിക്കറ്റ് അംപയർമാരുടെ ‘സമ്മാന’മാണെന്ന വാദമാണ് വിവാദത്തിൽ കലാശിച്ചത്.
15–ാം ഓവറിന്റെ ആദ്യ പന്തിൽ ആക്വിബ് ഖാനാണ് അഫ്ഗാൻ ഓപ്പണർ സുബൈദ് അക്ബാരിയെ പുറത്താക്കിയത്. ആദ്യം ഔട്ട് നിഷേധിച്ച ഫീൽഡ് അംപയർ, ഡിആർഎസ് ഇല്ലാതിരുന്നിട്ടുകൂടി ഇന്ത്യ പ്രതിഷേധിച്ചതോടെ തീരുമാനം തേഡ് അംപയറിനു വിടുകയായിരുന്നു. ഡിആർഎസ് ഇല്ലാത്ത മത്സരത്തിൽ ഇത് എങ്ങനെ സാധ്യമാകുമെന്നായിരുന്നു അഫ്ഗാന്റെ ചോദ്യം. തുടർന്ന് മത്സരത്തിലുടനീളം അഫ്ഗാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.