തമിഴ് സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. ചിത്രത്തിൽ ആരൊക്കെയായിരിക്കും വില്ലൻ വേഷത്തിലെത്തുക എന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. സൂര്യയുടെ സഹോദരനും നടനുമായ കാർത്തി കങ്കുവയിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ടോ എന്ന ചോദ്യത്തിന് നടൻ സൂര്യ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
“എന്തിനാണ് തിയറ്ററിൽ കാണാൻ പോകുന്ന ചിത്രത്തിന്റെ സ്പോയിലർ ഇപ്പഴേ പറയുന്നത് ? കാർത്തിയാണോ അല്ലെങ്കിൽ മറ്റേതൊക്കെ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് നിങ്ങൾ തന്നെ കാണൂ. സിനിമ തിയറ്ററിൽ പോയി കാണണമെന്നും സൂര്യ കൂട്ടിച്ചേർത്തു. നവംബർ 14ന് ‘കങ്കുവ’ തിയറ്ററുകളിൽ എത്തും. ‘കങ്കുവ’ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ആദ്യ ഭാഗം നവംബറിൽ റിലീസ് ചെയ്യും.
2023ൽ സംവിധായകൻ ശിവ സിനിമയുടെ പേരിന്റെ അർഥം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ‘കങ്കുവ’ എന്നത് പുരാതനമായ ഒരു തമിഴ് വാക്കാണ്. അതിന്റെ അർഥം തീയെന്നും, ദഹിപ്പിക്കാൻ ശേഷിയുള്ളവനെന്നുമാണെന്ന് ശിവ വ്യക്തമാക്കിയിരുന്നു. ബോബി ഡിയോൾ ഈ ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ എത്തുന്നതായും, ചിത്രത്തിന്റെ മറ്റ് പല കഥാപാത്രങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തമിഴകത്തു നിന്ന് 1000 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.