നാഗർകോവിൽ : സ്തീധന പീഡനത്തെ തുടർന്ന് മലയാളി അദ്ധ്യാപികയായ ശ്രുതി ജീവനൊടുക്കിയ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഭർതൃമാതാവിന്റെ കടുംകൈ. കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് ശ്രുതിയുടെ ഭർതൃമാതാവായ ചെമ്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് റിപ്പോർട്ട്. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
മലയാളിയായ ശ്രുതി ഭർതൃമാതാവിന്റെ സ്ത്രീധന പീഡനത്തിൽ മനം നൊന്ത് കഴിഞ്ഞ ദിവസാണ് ജീവനൊടുക്കിയത്. ഭർത്താവുമായി യാതൊരു പ്രശ്നവുമില്ലെങ്കിൽ പോലും ഭർതൃമാതാവ് നൽകുന്ന മാനസിക സമ്മർദ്ദം സഹിക്കാനാവുന്നില്ല എന്നും അതിൽ ഒരു ഇടപെടലും ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തത് തനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് കൊണ്ട് ശ്രുതി പരാതി പറയുന്ന ശബ്ദസന്ദേശമടക്കം പുറത്ത് വന്നിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കടുത്ത ശിക്ഷയാണ് ഗാർഹിക പീഡനത്തിനും സ്ത്രീധനം വാങ്ങുന്നതിനും എല്ലാമായി ഉള്ളത്. സംഭവത്തിൽ ശ്രുതി ജീവനൊടുക്കിയതോടെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ മറ്റൊരു വഴിയുമില്ലെന്ന് കണ്ടാണ് ചെമ്പകവല്ലി ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധുക്കൾ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അവിടെ ചികിത്സയിലാണ്. ശുചീന്ദ്രം പോലീസ് അന്വേഷണം തുടരുകയാണ്.
ആറ് മാസം മുമ്പ് വിവാഹം കഴിഞ്ഞ ശ്രുതിക്ക് പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് വിവാഹം നടത്തിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് അമ്മായിയമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ശുചീന്ദ്രം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാർത്തിക്, അമ്മായിയമ്മ ചെമ്പകവല്ലി,എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.