
കർണാടക : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു കാണാൻ കഴിഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കളി മാറി. ബിജെപിയോടൊപ്പം നിന്നാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് മനസിലാക്കിയ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. അതും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലെ ബിജെപി നേതാക്കളുടെ ഈ കൂടുമാറ്റം കനത്ത തിരിച്ചടി തന്നെയായിരിക്കും മുന്നണിയ്ക്ക് നൽകുക.
കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സി പി യോഗേശ്വര്‍ കോണ്‍ഗ്രസിലേക്ക്. ചന്നപട്ടണ ഉപതിരഞ്ഞെടുപ്പില്‍ യോഗേശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സന്ദര്‍ശിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രവേശനം. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. പാർട്ടി എംഎൽഎമാരും ബെംഗളൂരു റൂറൽ മുൻ എംപി ഡി.കെ സുരേഷും ചടങ്ങിൽ പങ്കെടുത്തു.
യോഗേശ്വറിനെ ജെഡി(എസ്) സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുമാറ്റം. സഖ്യകക്ഷിയായ ജെഡി-എസിനാണ് ബിജെപി സീറ്റ് നല്‍കിയത്. ജെഡി(എസ്) ടിക്കറ്റിൽ യോഗീശ്വരയെ മത്സരിപ്പിക്കാൻ നീക്കം നടന്നെങ്കിലും അദ്ദേഹത്തിന് അത് സ്വീകാര്യമായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്കുള്ള നേതാവിന്റെ കൂടുമാറ്റവും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറലിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന മഞ്ജുനാഥിനെ വിജയിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ് ഈ യോഗേശ്വർ. ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്. വൊക്കലിഗ വോട്ട് നിർണായകമായ ചന്നപട്ടണ മണ്ഡലത്തിൽ യോഗേശ്വറിന് വലിയ സ്വാധീനമുണ്ട്.
1999 മുതൽ ചന്നപട്ടണത്ത് നിന്ന് യോഗേശ്വർ തുടർച്ചയായി അഞ്ച് തവണ വിജയിച്ചിരുന്നു. സ്വതന്ത്രനായും കോൺഗ്രസ്, ബിജെപി, സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായും അദ്ദേഹം വിജയിച്ചിട്ടുണ്ട്. രണ്ട് തവണ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം വിജയിച്ചത്. എംഎൽഎ ആയിരുന്ന ജെഡി(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി മാൺഡ്യയിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപട്ടണത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സീറ്റ് തിരിച്ചുപിടിക്കാൻ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. നിരവധി തവണ മണ്ഡലത്തിൽ സന്ദർശനം നടത്തിയ ഡി.കെ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. പക്ഷേ വിജയസാധ്യതയുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. യോഗേശ്വറിന്റെ വരവോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക.