പാലക്കാട് : “പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് ” മോഹൻലാലിൻ്റെ പുലി മുരുകനിലെ പ്രശസ്തമായ ഡയലോഗ് ആണിത്. സി പി എം രാഷ്ട്രീയത്തിലെ പുലി മുരുകനാണ് പി.കെ. ശശി. പുറത്തേക്കാൾ അകത്താണ് ശശിക്ക് ശത്രുക്കൾ. വിവാദങ്ങളുടെ തോഴനായ ശശി പാർട്ടി വിഭാഗീയതയിൽ പിണറായിക്കൊപ്പം ചുവട് വച്ചയാൾ ആയിരുന്നു. അതിന് പ്രത്യുപകരമായി ഷൊർണൂർ എം എൽ എ യും ആയി പെണ്ണ് കേസ്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ നിരവധി പരാതികൾ ശശിക്കെതിരെ ഉണ്ടായി. പലതിലും പാർട്ടി നടപടിയും നേരിട്ടു.
2017 ൽ മണ്ണാർക്കാട് നടന്ന ജില്ല സമ്മേളനത്തിൽ ശശി അപമര്യാദയായി പെരുമാറി എന്ന പരാതിയുമായി ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി രംഗത്ത് വന്നിരുന്നു. എ.കെ. ബാലൻ , പി.കെ ശ്രീമതി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. ഇവർ ശശിക്കെതിരെ നടപടി ശുപാർശ ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ആറ് മാസത്തേക്ക് ശശിയെ സസ്പെൻഡ് ചെയ്തു. പിന്നിട് ശശി ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും തിരിച്ച് വന്നു.
രണ്ടാം പിണറായി സർക്കാർ വന്നതോടെ മരുമോൻ റിയാസിൻ്റെ കീഴിലുള്ള കെ.റ്റി. ഡി.സി യുടെ തലപ്പത്ത് ശശി എത്തി. ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയുടെ വാളുമായി എം.വി ഗോവിന്ദൻ പിന്നാലെ ഉണ്ടെങ്കിലും സംരക്ഷകനായി റിയാസ് ഉള്ളതു കൊണ്ട് ശശി പിടിച്ചു നിൽക്കുന്നു. എം.വി ഗോവിന്ദനോട് ഇടഞ്ഞ് അടുത്തിടെ കെ റ്റി ഡി സി ചെയർമാൻ സ്ഥാനം ശശി രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. റിയാസ് ശശിയുടെ രാജി എതിർത്തതോടെ ശശി പിൻമാറി. ദുഃഖിതനായ ശശിക്ക് കൂടുതൽ സന്തോഷം പകരുന്ന തീരുമാനം ടൂറിസം വകുപ്പിൽ നിന്ന് ഉണ്ടായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ആണെങ്കിലും ശശിക്ക് വിദേശത്ത് പോകാൻ അനുമതി നൽകിയിരിക്കുകയാണ് മന്ത്രി റിയാസ്.
ഇൻ്റർനാഷണൽ ട്രെഡ് ഫെയറിൽ പങ്കെടുക്കാനാണ് ശശിക്ക് അനുമതി. നവംബർ 3 മുതൽ 16 വരെ ശശി ബ്രിട്ടനിലും ജർമ്മനിയിലും ആയിരിക്കും. 5 മുതൽ 7 വരെ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രഡ് മാർക്കറ്റിൽ ശശി പങ്കെടുക്കും. പിന്നിട് ശശി ജർമ്മനിയിലേക്ക് പറക്കും. ഫ്രാങ്ക് ഫർട്ടിൽ 12 ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. മ്യൂനിച്ചിൽ 14 ന് നടക്കുന്ന റോഡ് ഷോ ആണ് ശശിയുടെ അടുത്ത പരിപാടി. ഹാപ്പിയായ ശശി 16 ന് ജർമ്മനിയിൽ നിന്ന് തിരിക്കും. കെ.റ്റി ഡി.സി എം.ഡി ശിഖ സുരേന്ദ്രൻ ഐ എ എസ് ആണ് ശശിയുടെ വിദേശ യാത്രക്ക് റിയാസിൽ നിന്ന് അനുമതി തേടിയത്. ശിഖ സുരേന്ദ്രനും ഇൻ്റർ നാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുക്കുന്നുണ്ട്.
ശശിയുടെ ചെലവുകൾ കെ റ്റി ഡിസി വഹിക്കുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ഇറക്കിയ ഉത്തരവിൽ പറയുന്നു. ഗോവിന്ദൻ ഒതുക്കാൻ ശ്രമിച്ച ശശി വിദേശത്ത് പറന്ന് നടക്കുന്നു എന്ന് സാരം. മന്ത്രിമാരിലും പാർട്ടിയിലും ആരാണ് പവർ ഫുൾ എന്ന ചോദ്യത്തിന് കൂടെ ഉത്തരം ആകുന്നു. പിണറായി ഉള്ളപ്പോൾ റിയാസിനോട് മുട്ടാൻ ഗോവിന്ദന് ആവില്ല എന്ന് വ്യക്തം.
എന്നിരുന്നാലും നവംബർ 13 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാലക്കാട് ജില്ലക്കാരനായ പി.കെ ശശി വിദേശ യാത്ര നടത്തുന്നത് വിവാദം ക്ഷണിച്ച് വരുത്തും. ഉപതെരഞ്ഞെടുപ്പ് പ്രചരണം പാലക്കാട് ചൂട് പിടിച്ചു നടക്കുമ്പോൾ ശശിയെ പോലെ ഒരാൾ മുങ്ങുകയാണോ എന്ന ആക്ഷേപം എതിരാളികൾ ഉയർത്താനും സാധ്യതയുണ്ട്. ദുർബലനായ സരിനെ സ്ഥാനാർത്ഥിയാക്കിയതോടെ സി പി എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്ന എന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാണ്. ശശിയുടെ വിദേശയാത്ര വിവാദത്തിൽ ആകുന്നതും ഈ സാഹചര്യത്തിലാണ്.