
നിക്ഷേപ തട്ടിപ്പ് ; അപ്പോളോ ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി
കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അപ്പോളോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ 52.34 ലക്ഷം രൂപയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളും, 27.49 ലക്ഷം രൂപ പണമായും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടി.
മൂസ ഹാജി ചാരപ്പറമ്പിൽ, ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അപ്പോളോ ഗോൾഡ് നിക്ഷേപപദ്ധതികളിലൂടെ 82.90 കോടി തട്ടിയെടുത്തെന്നാണ് കേസ്. ഇക്കഴിഞ്ഞ 17 – ആം തീയതി ആയിരുന്നു റെയ്ഡ് നടത്തിയത്. മൊത്തം 79.83 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിൻ്റെ പ്രമോട്ടർമാരായ മൂസ ഹാജി,ബഷീർ, അപ്പോളോ ഗ്രൂപ്പ് കമ്പനികളുടെ മറ്റ് ഡയറക്ടർമാർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേരള പോലീസ് രജിസ്റ്റർ ചെയ്ത 6 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിൽ അപ്പോളോ ഗോൾഡ് എന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് തട്ടിപ്പ്. പദ്ധതി പ്രകാരം ഓരോ 1 ലക്ഷം രൂപയ്ക്കും നിക്ഷേപകന് പ്രതിമാസ ലാഭവിഹിതം 1000 രൂപ ലഭിക്കും. ഒരു വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകർക്ക് നിക്ഷേപിച്ച തുകയുടെ റീഫണ്ട് ലഭിക്കും. 12 മാസത്തിനപ്പുറം നിക്ഷേപം തുടരുകയോ പുതുക്കുകയോ ചെയ്യുന്ന നിക്ഷേപകർക്ക് അപ്പോളോ ജ്വല്ലറിയുടെ ലാഭം പങ്കിടുന്നതിന് പറ്റുമെന്നായിരുന്നു വാഗ്ദാനം.
തുടക്കത്തിൽ, അപ്പോളോ ഗ്രൂപ്പ് അവരുടെ പ്രതിബദ്ധത നിറവേറ്റിയെങ്കിലും 2020 ന് ശേഷം, ഡിവിഡൻ്റ് തുക നൽകുകയോ നിക്ഷേപകർക്ക് നിക്ഷേപിച്ച തുക തിരികെ നൽകുകയോ ചെയ്തിരുന്നില്ല. സംഭവത്തിൽ മൂസ ഹാജി നിലവിൽ ഒളിവിൽ കഴിയുകയാണ്. തുടർന്ന് മേൽപ്പറഞ്ഞ വ്യക്തികൾക്കെതിരെ, ക്രൈംബ്രാഞ്ച് 42 എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.
കോടിക്കണക്കിന്ന് രൂപ നിക്ഷേപകരിൽ നിന്ന് അപ്പോളോ ഗ്രൂപ്പ് വാങ്ങിയുട്ടുണ്ടെന്നും ഇതിന് പലിശ പോലും നൽകിയിട്ടില്ലെന്നും ഇ ഡി കണ്ടെത്തി. ഇത്തരത്തിൽ മൊത്തം 82.90 കോടി രൂപയാണ് അപ്പോളോ ജ്വലറി ഗ്രൂപ്പിന് കീഴിലെ കമ്പനികൾ പിടിച്ചെടുത്തിരിക്കുന്നത്. എന്നാൽ ഈ കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
കൂടാതെ, പ്രതികളായ മൂസ ഹാജി ചരപ്പറമ്പിലിനും അപ്പോളോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നിരവധി സഥാപനങ്ങളിലെ ഡയറക്ടർമാർക്കും സമാന ഗ്രൂപ്പ് കമ്പനികളിൽ വലിയതോതിൽ നിക്ഷേപമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അപ്പോളോ ഗ്രൂപ്പിലൂടെ തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് അപ്പോളോ ഷോപ്പിങ് മാൾ എൽഎൽപി, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്സ് പ്രൈ.ലിമിറ്റഡ് എന്നീ കമ്പനികൾ രൂപീകരിച്ചു. ഇതിനുപുറമെ കോഴിക്കോടും, തിരുവനന്തപുരത്തും അപ്പോളോ ഡിമോറ എന്ന പേരിൽ ആഡംബര ഹോട്ടൽ തുടങ്ങുകയും ചെയ്തതായി ഇ ഡി വ്യക്തമാക്കി.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ തുടങ്ങിയവരടക്കമുള്ള ഡയറക്ടർമാർ ചേർന്ന് നിക്ഷേപകരെ പലിശ അടക്കം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. നിക്ഷേപ തട്ടിപ്പ് നടത്തുകയും ഈ തുക ഹോട്ടൽ ബിസിനസിലേക്ക് വകമാറ്റുകയുമാണ് ഉടമസ്ഥർ ചെയ്തത് എന്ന് ഇ.ഡി പറയുന്നു. തെരച്ചിൽ നടത്തുന്നതിനിടെ നിരവധി സ്വത്തുവകകളുടെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് ഡിമോറ ഹോട്ടലുകൾ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പിഎംഎൽഎ 2002 പ്രകാരം, നാല് മരവിപ്പിക്കുന്ന ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇപ്പോൾ കണ്ടുകെട്ടിയ 52.34 ലക്ഷം രൂപ, കോഴിക്കോടുള്ള ഹോട്ടൽ ഡിമോറയുടെ ബാങ്ക് അക്കൗണ്ടിലുള്ളതാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഇ ഡി പറഞ്ഞു.