തൃശൂർ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചേലക്കര മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ വടക്കാഞ്ചേരി തലപ്പിള്ളി തഹസില്‍ദാര്‍ മുമ്പാകെ നാമനിർദേശപത്രിക സമര്‍പ്പിച്ചു.
പാർട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് മൂവരും പത്രിക സമര്‍പ്പിച്ചത്. ഇടതുപക്ഷ എംഎൽഎയായിരുന്ന കെ രാധാകൃഷ്ണൻ എംപിയായി വിജയിച്ചതോടെ ഒഴിവ് വന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോ ടിവിയില്‍ കണ്ട ശേഷമാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് എത്തിയത്.
വടക്കാഞ്ചേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും പ്രവർത്തകർക്ക് ഒപ്പമെത്തി പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാക്കളും ബാലകൃഷ്ണന് ഒപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുമ്പോൾ വലിയ ആവേശമായിരുന്നു പ്രവർത്തകർക്ക് ഇടയിൽ. ദേശീയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കും ഒപ്പമെത്തിയായിരുന്നു പ്രിയങ്ക പത്രിക സമർപ്പിച്ചത്.