പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് ) പുതിയ ലോഗോ പ്രകാശനം ചെയ്ത് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ. ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിംഗ് ഭാരത് എന്നാണ്. ഇതിനൊപ്പം, സ്പാം ബ്ലോക്കിങ് ഉൾപ്പെടെ ഏഴ് പുതിയ സേവനങ്ങളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര കമ്മ്യൂണിക്കേഷൻസ് & റൂറൽ ഡെവലപ്‌മെൻ്റ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.
ഈ സേവനങ്ങൾ രാജ്യത്തിൻറെ എല്ലാ കോണുകളിലേക്കും സുരക്ഷിതവും വിശ്വസനീയവുമായ കണക്റ്റിവിറ്റി നൽകുന്നതിൽ ബിഎസ്എൻഎൽ ഉറപ്പ് വരുത്തുന്നു. അതേസമയം, കണക്ടിംഗ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിംഗ് ഭാരത് എന്നാക്കിയത് ചർച്ചാ വിഷയമായിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, ഉപഭോക്താവിനെ അലേര്‍ട്ട് ചെയ്യാതെ തന്നെ ക്ഷുദ്രകരമായ SMS, തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യുമെന്ന് അവകാശപ്പെടുന്ന സേവനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എല്ലാ ഉപയോക്താക്കൾക്കും തടസ്സമില്ലാത്തതും, സുരക്ഷിതവുമായ ആശയവിനിമയം ഉറപ്പാക്കുന്നതായി അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ബിഎസ്എൻഎല്ലിൻ്റെ പുതിയ ലോഗോയെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം.സിന്ധ്യ അറിയിച്ചു. ലോഗോയോടൊപ്പം ആരംഭിച്ച ഏഴു പുതിയ സേവനങ്ങളും ഇന്ത്യയിൽ നിർമ്മിച്ചത്, ഇന്ത്യയ്ക്കായി നിർമ്മിച്ചത്, ഇന്ത്യ നിർമ്മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഏഴ് തദ്ദേശീയ സേവനങ്ങൾ ആരംഭിക്കുന്ന ഇന്ത്യയിലെ ഏക ടെലികോം സേവന ദാതാവ് ബിഎസ്എൻഎൽ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇനി മുതൽ ഇന്ത്യയിലെ സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻറെ അഭിലഷണീയമായ 5G റോൾ-ഔട്ട് ശക്തിപ്പെടുത്തുന്നതിന് ബിഎസ്എൻഎൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പങ്കുവെച്ചു. 3.6 GHz, 700 MHz എന്നീ രണ്ട് ബാൻഡുകളിലും തങ്ങൾ തദ്ദേശീയ 5ജി റാൻ (RAN), കോർ (Core) എന്നിവയുടെ വിജയകരമായ പരീക്ഷണങ്ങൾ നടത്തിയതായും , ഇന്ത്യ ഉടൻ തന്നെ തദ്ദേശീയ 5G സേവനങ്ങൾ സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 പകുതിയോടെ, ഒരു ലക്ഷം ബിഎസ്എൻഎൽ 4ജി സൈറ്റുകളിൽ ഭൂരിഭാഗവും 5ജി കണക്റ്റിവിറ്റിയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഒരു പ്രധാന ടെലികോം സേവന ദാതാവായി മാറിയെന്ന് മന്ത്രി സിന്ധ്യ പരാമർശിച്ചു. പുതിയ ലോഗോയും ഏഴ് പൊതുജന കേന്ദ്രീകൃത സേവനങ്ങളും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിൽ ടെലികോം സേവനങ്ങൾ നൽകിക്കൊണ്ട് രാജ്യത്തിൻ്റെ നട്ടെല്ലായി ബിഎസ്എൻഎൽ വീണ്ടും വീണ്ടും നിലകൊള്ളുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് കേന്ദ്ര കമ്മ്യൂണിക്കേഷൻ, ഗ്രാമവികസന സഹമന്ത്രി ഡോ.പെമ്മസാനി ചന്ദ്രശേഖർ പറഞ്ഞു.” ഡൽഹിയിലെ ഭാരത് സഞ്ചാര് ഭവനിൽ നടന്ന ചടങ്ങിൽ ടെലികോം സെക്രട്ടറി, സിഎംഡി ബിഎസ്എൻഎൽ എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
മറ്റു സേവനങ്ങൾ:
വൈഫൈ റോമിംഗ് സര്‍വീസ്.
ബിഎസ്എൻഎൽ ഫൈബർ ടു ദി ഹോം (FTTH ) ഉപഭോക്താക്കൾക്കായി തടസ്സങ്ങളില്ലാത്ത Wi-Fi റോമിംഗ് സേവനം അവതരിപ്പിച്ചു. അധിക ചാർജുകളൊന്നുമില്ലാതെ ബിഎസ്എൻഎൽ ഹോട്ട്‌സ്‌പോട്ടുകളിൽ അതിവേഗ ഇൻ്റർനെറ്റ് പ്രാപ്‌തമാക്കുന്നുവെന്നും ഇതിലൂടെ ഉപയോക്താക്കൾക്കുള്ള ഡാറ്റ ചെലവ് കുറയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
ബിഎസ്എൻഎൽ ഐഎഫ്ടിവി
രാജ്യത്ത് ആദ്യമായി ബിഎസ്എൻഎൽ -ൻ്റെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം, ഫൈബർ ടു ദി ഹോം നെറ്റ്‌വർക്കിലൂടെ 500+ ലൈവ് ചാനലുകളും പേ ടിവിയും വാഗ്ദാനം ചെയ്യുന്നു. എല്ലാ ബിഎസ്എൻഎൽ FTTH വരിക്കാർക്കും അധിക നിരക്കുകളില്ലാതെ ഈ സേവനം ലഭ്യമാകും. ടിവി സ്ട്രീമിംഗിനായി ഉപയോഗിക്കുന്ന ഡാറ്റ, ഉപയോക്താക്കളുടെ FTTH ഡാറ്റ അലവന്‍സായി കണക്കാക്കില്ല.
എനി ടൈം സിം (ATS) കിയോസ്കുകൾ
ഇത്തരത്തിലുള്ള ആദ്യത്തെ ഓട്ടോമേറ്റഡ് സിം കിയോസ്‌ക്കുകൾ ഉപയോക്താക്കളെ 24/7 അടിസ്ഥാനത്തിൽ സിമ്മുകൾ വാങ്ങാനോ നവീകരിക്കാനോ പോർട്ട് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ അനുവദിക്കുന്നു. തടസ്സമില്ലാത്ത KYC സംയോജനവും ബഹുഭാഷാ ആക്‌സസ്സും ഉപയോഗിച്ച് UPI/QR- പ്രാപ്‌തമാക്കിയ പേയ്‌മെൻ്റുകൾ പ്രയോജനപെടുത്താൻ സാധിക്കുന്നതാണ്.
ഡി ടു ഡി സേവനം
മൊബൈൽ ടവര്‍ വഴിയടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ തടസ്സപ്പെടുമ്പോള്‍ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈല്‍ ഫോണുകളും സേവനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ് ഈ സേവനം. അടിയന്തിര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാണ്. മാത്രമല്ല അത്തരം മേഖലകളിൽ യുപിഐ പേയ്‌മെൻ്റുകൾ പ്രവർത്തനക്ഷമമാക്കാനും സാധിക്കും.
പബ്ലിക് പ്രൊട്ടക്ഷൻ & ഡിസാസ്റ്റർ റിലീഫ്’ –
പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനും ദുരിതാശ്വാസ ഏജൻസികൾക്കും വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ഗ്യാരണ്ടീഡ് എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. കൂടാതെ ദുരന്തസമയത്ത് കവറേജ് വർദ്ധിപ്പിക്കുന്നതിന് നൂതനമായ ഡ്രോൺ അധിഷ്ഠിതവും ബലൂൺ അധിഷ്ഠിത സംവിധാനങ്ങളും ഈ സേവനം ഉപയോഗപ്പെടുത്തുമെന്നും കമ്പനി പറയുന്നു.
ഖനികളിലെ ആദ്യത്തെ സ്വകാര്യ 5G
C-DAC-മായി സഹകരിച്ച് ഖനന പ്രവർത്തനങ്ങൾക്കായി വിശ്വസനീയവും കുറഞ്ഞ 5G കണക്റ്റിവിറ്റിയും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങളും ബിഎസ്എൻഎൽ -ൻ്റെ സാങ്കേതിക വൈദഗ്ധ്യവും ഇതിനായി പ്രയോജനപ്പെടുത്തുന്നു. ഇതോടൊപ്പം വിപുലമായ AI, IoT ആപ്ലിക്കേഷനുകൾ ഈ സേവനം പ്രാപ്‌തമാക്കുന്നു.