അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് കയറി ചെന്നത് എക്‌സൈസ് ഓഫീസിലേക്ക്. മൂന്നാറിൽ വിനോദ യാത്രക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് എക്‌സൈസിന്റെ പിടിയിലായിലായത്. വർക്ഷോപ്പെന്ന് തെറ്റിദ്ധരിച്ച് എക്‌സൈസ് ഓഫീസിന്റെ പിന്‍വശം വഴിയാണ് വിദ്യാര്‍ഥികൾ ഓഫീസിലേക്ക് കയറിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ പുക വലിക്കാൻ ഒഴിഞ്ഞ സ്ഥലം നോക്കി ഇറങ്ങി എക്‌സൈസ് ഓഫീസിലേക്ക് കയറുകയായിരുന്നു ഇവർ. പിന്‍വശത്തുകൂടി കെട്ടിടത്തിനകത്ത് കയറി തീപ്പെട്ടിയുണ്ടോയെന്ന് ചോദിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് മനസിലായപ്പോൾ രണ്ട് കുട്ടികൾ ഓടി രക്ഷപെട്ടു. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ കുട്ടികളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. തുടർന്ന് അഞ്ചു ഗ്രാമോളം കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. പിന്നാലെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് വിട്ടയച്ചത്.