തിരുവനന്തപുരം : പിവി അൻവറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങൾ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിനെ സമ്മർദ്ദത്തിലാക്കി തനിക്ക് അനുകൂലമായ രാഷ്ട്രീയ നേട്ടം സൃഷ്ടിക്കാനുള്ള നീക്കമാണ് ഉപതിരഞ്ഞെടുപ്പ് മേഖലകളിൽ അൻവർ പയറ്റിയത്. പക്ഷേ, ഇത് ഫലം കണ്ടില്ല. ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ കടന്നൽ രാജാവായിരുന്ന പിവി അൻവർ നിന്ന നിൽപ്പിൽ പ്ലേറ്റ് മാറ്റി ചവിട്ടിയത്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജന്റെ നാവായിരുന്ന പിവി അൻവർ മുഖ്യനെതിരെ തന്നെ ഗുരുതര ആരോപണമുന്നയിച്ച് രംഗത്ത് എത്തി. താൻ ചോദിച്ചത് കിട്ടിയില്ലെങ്കില്‍ രൂക്ഷമായി പ്രതികരിക്കുക എന്നതാണ് അൻവറിന്റെ രീതി.
എന്നാല്‍ ഇത് വകവെച്ചുകൊടുക്കാൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തയ്യാറായില്ല. സതീശൻ – ഷാഫി – രാഹുല്‍ ത്രയങ്ങളാണ് പാലക്കാട്ടേ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന എതിരാളികളുടെ വാക്കുകള്‍ അൻവറും ഏറ്റെടുത്ത് പ്രതിപക്ഷ നേതാവിനെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്തായാലും അൻവറിൻ്റെ രാഷ്ട്രീയ കുതന്ത്രത്തെ പൊളിച്ച തന്ത്രജ്ഞനാണ് സതീശനെന്നാണ് അണികള്‍ക്കിടയിലെ സംസാരം. കെപിസിസി അധ്യക്ഷൻ ഒരു മയത്തില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന്റേത് അൻവറിനെതിരെ കടുത്ത വാക്കുകളായിരുന്നു . അങ്ങനെ യുഡിഎഫിനെ സമ്മർദത്തിലാക്കാനുള്ള അൻവറിന്റെ നീക്കം പരാജയപ്പെട്ടതോടെ അടുത്ത നീക്കമെന്തെന്ന് നിരീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.
എന്തായാലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണിക്കേറ്റ പരാജയത്തെക്കാൾ മോശമായിരിക്കും ഇനി വരാൻ പോകുന്നതിലെന്നതിൽ സംശയമില്ല. അത് കൊണ്ട് അൻവർ സേഫാണോ എന്ന് ചോദിച്ചാൽ അല്ല. കാരണം പാലക്കാട് നടക്കുന്നത് കോണ്‍ഗ്രസ് ബിജെപി മത്സരമാണ്. അതുപോലെ അൻവറിന്റെ സ്വാധീന മേഖലക്ക് പുറത്താണ് പാലക്കാടും, ചേലക്കരയും. ഷാഫി പറമ്പിലിനെ പോലൊരു യുവ നേതാവിന് പാലക്കാട് ലഭിക്കുന്ന സ്വീകാര്യതയും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകേണ്ടതാണ്. സി പി എം- ബി ജെ പി കൂട്ടുകെട്ട് തകർക്കാൻ ഒപ്പം നിൽക്കണമെന്ന് പറഞ്ഞായിരുന്നു അൻവർ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തത്.
ചേലക്കരയിലേയും പാലക്കാട്ടേയും സ്ഥാനാർത്ഥികളെ ചൊല്ലി വിവാദമുണ്ടാക്കാനായിരുന്നു അൻവറിന്റെ ശ്രമം. ഇതിന് വേണ്ടി പ്രതിപക്ഷത്തോട് പരസ്യമായി അൻവറിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് പറയാൻ അൻവർ തന്നെ ആവശ്യപ്പെട്ടു. അത് പ്രകാരം പ്രതിപക്ഷം ആവശ്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. എന്നാല്‍ അടുത്ത ഉപാധിയായിരുന്നു കടുത്തത്, കോണ്‍ഗ്രസിന്റെ ചേലക്കര സ്ഥാനാത്ഥിയെ പിൻവലിക്കണമെന്ന്. എഐസിസി പ്രഖ്യാപിച്ച സ്ഥാനാത്ഥിയെ മാറ്റാൻ കോണ്‍ഗ്രസ് തയ്യാറാവുമെന്ന് ആരും കരുതില്ല. അത് മാത്രമല്ല അൻവർ അത് തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് ഇനി അറിയേണ്ടതുണ്ട്. എന്തായാലും, അൻവറിന്റെ കുബുദ്ധിയിൽ വീഴാതെ പ്രതിപക്ഷം ആ പദ്ധതി മുളയിലേ നുള്ളിക്കളഞ്ഞു.
എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് എത്തി. യു.ഡി.എഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. വർഷങ്ങളായി നിലവിലുള്ള കേരളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ്. അതിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല. അൻവറുമായി ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെ പിൻവലിക്കാൻ അഭ്യർഥിക്കണമെന്ന് അൻവർ പറഞ്ഞു. അതനുസരിച്ചാണ് അഭ്യർഥന നടത്തിയത്. വേണമെങ്കിൽ അൻവർ സ്ഥാനാർഥിയെ പിൻവലിക്കട്ടെ. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
താനും രാഹുലും ഷാഫിയും ഒരു ടീമായി നിൽക്കുന്നവരാണ്. ഷാഫിയെ സി.പി.എമ്മും ബി.ജെ.പിയും ഭയപ്പെടുന്നത് കൊണ്ടാണ് ഇരു പാർട്ടികളും അദ്ദേഹത്തെ ലക്ഷ്യമിടുന്നത്. പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഏറ്റവും ജനസമ്മിതിയുള്ള നേതാവാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവർ ചേലക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല എന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും 28 വർഷത്തിന് ശേഷം ചേലക്കരയിൽ യു.ഡി.എഫ് വിജയിക്കാൻ പോവുകയാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
അത് മാത്രമല്ല ഒരു കാലത്തെ തന്നെ പ്രതിരോധത്തിലാക്കാമെന്ന് കരുതി മുഖ്യന്റെ വായായി പ്രവർത്തിച്ചിരുന്ന അതേ അൻവർ ഇന്ന് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞെങ്കിൽ അത് കാലത്തിന്റെ കാവ്യനീതി തന്നെയെന്നാണ് അദ്ദേഹം പറഞ്ഞു. എന്തായാലും അൻവറിന്റെ പദ്ധതി തുടക്കത്തിൽത്തന്നെ പൊളിഞ്ഞു എന്നുള്ളതാണ്. അൻവറിന്റെ പദ്ധതികൾ ഒന്നും യുഡിഎഫിൽ വിലപോകില്ല എന്ന കാര്യം ഇതോടെ വ്യക്തം. ഉപതിരഞ്ഞെടുപ്പിൽ വിജയമുറപ്പാണ് എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.