
എടിഎമ്മിലേക്കുള്ള 25 ലക്ഷം കവർന്ന കേസ്; പ്രധാന ആസൂത്രകൻ പള്ളി ഖത്തീബ് പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി 25 ലക്ഷം രൂപയുടെ കവർച്ചക്ക് മുഖ്യ ആസൂത്രകനായ താഹ, വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ്, പിടിയിലായി. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. താഹ,തട്ടിയെടുത്ത പണം പള്ളിക്കെട്ടിടത്തിൽ ഒളിപ്പിച്ചു. കവർച്ച നടത്താൻ കൂടെ കൂട്ടിയത് സഹായിയും ശിഷ്യനുമായിരുന്ന യാസിറിനെയാണ്.
വടകരയ്ക്ക് അടുത്തുള്ള വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ് ആയിരുന്നു താഹ. വേഗത്തിൽ പണക്കാരനാകാനും, കടം വീട്ടാനുമായിട്ടാണ് കവർച്ച നടത്താൻ തീരുമിച്ചത്. സുഹൃത്തായ സുഹൈലിന് എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലിയാണെന്ന് മനസിലാക്കിയ താഹ തന്റെ ലക്ഷ്യം നിറവേറ്റാനുള്ള മാർഗം ഇത് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. അതിനായി മസ്ജിദിലെ സഹായിയായ യാസിറിനെയും ഒപ്പം കൂട്ടി.
ആറുമാസമായി പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന താഹ കവർച്ചയിലൂടെ കിട്ടിയ പണം ഒളിപ്പിച്ചതും പള്ളിക്കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു. ഇവിടെ നിന്ന് പൊലീസ് പണം കണ്ടെടുത്തു. പള്ളി മഹല്ലിലെ ഒരു വിശ്വാസിയില്‍ നിന്ന് വാങ്ങിയ 5 ലക്ഷം രൂപ, കവര്‍ച്ചാപ്പണത്തില്‍ നിന്ന് കൊടുത്തു തീർത്തു.
തന്റെ കയ്യിൽ നിന്നും പണം കവർച്ച ചെയ്യപ്പെട്ടെന്നും ബോധരഹിതനായതിനാൽ ഓർമയില്ലെന്നും സുഹൈൽ പറഞ്ഞു. ഇതിലെ പൊരുത്തക്കേടുകൾ മനസിലാക്കിയ പോലീസ് സ്ഥലത്ത് ഉള്ള സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ പരിശോധനകളും വഴി അന്വേഷണം താഹയുടെ കാറിലേക്കും എത്തി. നിരവധി ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു. കേസ് ഇപ്പോൾ നിയമ നടപടികളിലേക്ക് കടന്നു.