ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംഭിയില്‍ ഭര്‍ത്താവിന് ദീര്‍ഘായുസ്സ് ലഭിക്കാനായി കര്‍വ ചൗത് വ്രതം അനുഷ്ഠിച്ച ശേഷം ഭർത്താവിന് ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 32 വയസ്സുള്ള ഷൈലേഷിനെ ഭാര്യ സവിതയാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ശൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സവിത പൊലീസിന് മൊഴി നൽകി. ഉത്തരേന്ത്യയിലെ സ്ത്രീകള്‍ ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഒരാചാരമാണ് കര്‍വ ചൗത്. ഇതിന്റെ ഭാഗമായി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി സ്ത്രീകള്‍ ഉപവസിക്കും. ഇത്തരത്തിൽ സവിതയും പകല്‍ മുഴുവന്‍ ഉപവാസമനുഷ്ഠിച്ചിരുന്നു. പിന്നീട് ഉപവാസം അവസാനിച്ചതിന് ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതര്‍ക്കത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു.
പിന്നീട് അടുത്ത വീട്ടിലേക്ക് പോയ ഷൈലേഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈലേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെടുന്നതിന് മുന്‍പ് ഷൈലേഷ്, ഭാര്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോടും അയല്‍ക്കാരോടും പറഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് സവിതയെ അറസ്റ്റ് ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യലുകളും തെളിവ് ശേഖരണവും തുടരുകയാണ്.